നെയ്മറും ലൗറ്ററോയും ബാഴ്സയുടെ പരിഗണനയിൽ പോലുമില്ലെന്ന് ടെബാസ്
സൂപ്പർ താരങ്ങളായ നെയ്‌മറെയോ ലൗറ്ററോ മാർട്ടിനെസിനെയോ ബാഴ്സ ഈ ട്രാൻസ്ഫറിൽ ക്യാമ്പ് നൗവിലെത്തിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഫുട്ബോൾ ലോകത്ത് യാതൊരു കുറവുമില്ല. ഇരുതാരങ്ങൾക്ക് വേണ്ടിയും ബാഴ്സ ഇപ്പോഴും ശ്രമങ്ങൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് യൂറോപ്പിലെ ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. എന്നാലിപ്പോൾ ഈ ഊഹാപോഹങ്ങളെയെല്ലാം തള്ളിപറഞ്ഞുകൊണ്ടാണ് ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഈ രണ്ട് താരങ്ങളെ കുറിച്ച് ബാഴ്സയിപ്പോൾ ചിന്തിക്കുന്നുപോലുമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ബാഴ്സ ഇത്തരമൊരു സാഹചര്യത്തിലൂടെയല്ല കടന്നുപോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു ഡിജിറ്റൽ ഫോറത്തിനോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
” ഈ രണ്ട് താരങ്ങളെ ബാഴ്സ സൈൻ ചെയ്യുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ എല്ലാം തന്നെ വ്യാജമാണ്. ബാഴ്സയിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സീസൺ പുനരാരംഭിക്കുന്നതിനെ കുറിച്ചും അതിലേക്കുള്ള മുന്നൊരുക്കങ്ങളെ കുറിച്ചുമാണ്. നിലവിൽ യൂറോപ്യൻ ക്ലബുകൾ ആരും തന്നെ ട്രാൻസ്ഫറുകൾക്ക് വലിയ തോതിൽ പരിഗണന നൽകുന്നില്ല. വലിയ നഷ്ടങ്ങളൊന്നുമില്ലാതെ സീസൺ അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. നെയ്മറോ ലൗറ്ററോയോ ബാഴ്സ വലിയ തോതിൽ പരിഗണന നൽകുന്ന ലിസ്റ്റിൽ പോലുമില്ല. ആരെ ടീമിൽ എത്തിക്കണം എന്നുള്ളത് ക്ലബിന്റെ പ്രസിഡന്റിന്റെ തീരുമാനമാണ്. എന്നാൽ ഈയൊരു അവസരത്തിൽ ഈ സൈനിംഗുകൾ തികച്ചും അസാധ്യമാണ് ” ടെബാസ് പറഞ്ഞു.