ഞങ്ങളെല്ലാവരും വിനീഷ്യസാണ് :താരത്തിനൊപ്പം നിന്ന് റയൽ മാഡ്രിഡ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഈ മത്സരത്തിൽ റയോ വല്ലക്കാനോയെ പരാജയപ്പെടുത്തിയത്.ബെൻസിമ,റോഡ്രിഗോ എന്നിവരുടെ ഗോളുകളാണ് ഈ മത്സരത്തിൽ റയലിന് വിജയം സമ്മാനിച്ചിട്ടുള്ളത്. പരിക്ക് മൂലം സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.
കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിനിടെ വലിയ രൂപത്തിലുള്ള വംശയാധിക്ഷേപങ്ങൾ വിനീഷ്യസ് ജൂനിയർക്ക് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ഫുട്ബോൾ ലോകം ഒന്നടങ്കം താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ റയൽ മാഡ്രിഡ് താരത്തിന് വേണ്ടി ശക്തമായ രൂപത്തിൽ ശബ്ദം ഉയർത്തിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിനു മുന്നേ വിനീഷ്യസ് ജൂനിയറുടെ ജേഴ്സി അണിഞ്ഞു കൊണ്ടാണ് എല്ലാ റയൽ മാഡ്രിഡ് താരങ്ങളും കളിക്കളത്തിലേക്ക് എത്തിയത്.
"We are all Vinícius. Enough is enough."
Real Madrid players walk out wearing Vinícius Jr.'s No. 20 shirt ❤️ pic.twitter.com/F1xapXF2HL— ESPN FC (@ESPNFC) May 24, 2023
ഞങ്ങളെല്ലാവരും വിനീഷ്യസാണ് എന്ന സന്ദേശമാണ് ക്ലബ്ബ് നൽകിയിട്ടുള്ളത്. മാത്രമല്ല വിനീഷ്യസിനെ അനുകൂലിച്ചുകൊണ്ടുള്ള ബാനറുകൾ സാന്റിയാഗോ ബെർണാബുവിൽ റയൽ മാഡ്രിഡ് ആരാധകർ ഉയർത്തുകയും ചെയ്തിരുന്നു. മാത്രമല്ല ഈ മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ റയൽ ആരാധകർ വിനീഷ്യസിനോടുള്ള ആദരസൂചകമായി സ്റ്റാൻഡിങ് ഓവിയേഷൻ നൽകുകയും ചെയ്തിരുന്നു.വിനീഷ്യസ് അണിയുന്നത് റയലിന്റെ ഇരുപതാം നമ്പർ ജേഴ്സിയാണ്.
റയൽ മാഡ്രിഡ് വനിത ടീം അംഗങ്ങളും ഇരുപതാം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു കളത്തിലേക്ക് എത്തിയിരുന്നത്.കൂടാതെ റയലിന്റെ ബാസ്ക്കറ്റ് ബോൾ ടീമും വിനീഷ്യസിന് വേണ്ടി ഇരുപതാം നമ്പർ ധരിച്ചിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും തങ്ങളുടെ സൂപ്പർതാരത്തിന് റയൽ മാഡ്രിഡ് പിന്തുണ അറിയിച്ചിട്ടുണ്ട്.സെവിയ്യക്കെതിരെയുള്ള അടുത്ത മത്സരത്തിൽ ഈ ബ്രസീലിയൻ സൂപ്പർതാരം മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.