ചർച്ച അവസാനിച്ചു, ഒരടി പിന്നോട്ടില്ലെന്ന് ബാഴ്സ, ഇനി നിയമത്തിന്റെ വഴി?

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച ഏറ്റവും നിർണായകമായ ദിവസം എന്നാണ് ഇന്നലത്തെ ദിവസത്തെ കണക്കുക്കൂട്ടിയിരുന്നത്. എന്നാൽ ഇന്നലത്തെ ചർച്ചയും വലിയ തോതിൽ ഫലം കണ്ടില്ല എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നപ്പോൾ സംഭവവികാസങ്ങളുടെ സങ്കീർണത കൂടി എന്നല്ലാതെ മറ്റൊരു ഗുണവും ഇന്നലത്തെ ചർച്ച കൊണ്ട് ഉണ്ടായില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയും എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യുവും തമ്മിലായിരുന്നു ചർച്ച. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം സംഘടിപ്പിച്ച ചർച്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ നിലവിലുള്ള സാഹചര്യങ്ങളിൽ കൂടുതൽ പുരോഗതി ഒന്നും കൈക്കൊള്ളാനാവാതെ ചർച്ച പിരിഞ്ഞു എന്നാണ് മാർക്ക ഉൾപ്പെടുന്ന പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. ചുരുക്കി പറഞ്ഞാൽ ഇരുവിഭാഗക്കാരും തങ്ങളുടെ നിലപാടുകളിൽ നിന്ന് ഒരടി പിന്മാറാതെ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ പ്രശ്നം തണുപ്പിക്കാൻ വേണ്ടി വിളിച്ചു ചേർത്ത യോഗം കൂടുതൽ സങ്കീർണ്ണതകളിലേക്ക് വഴിവെക്കുകയായിരുന്നു.

ബർതോമ്യുവിനെ കാണുന്നതിന് മുമ്പ് മെസ്സിയുടെ പിതാവ് ജോർഗെ മെസ്സിയും സഹോദരനും ഉപദേശകനുമായ റോഡ്രിഗോ മെസ്സിയും ബാഴ്സലോണയുടെ ഡയറക്ടർമാരിൽ ഒരാളായ ഹവിയർ ബോർഡസിനെ കണ്ടിരുന്നു. മെസ്സിയുടെ നിലപാട് ഇവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബർതോമ്യുവിനെ കണ്ടത്. പിതാവ് മെസ്സിക്ക് ക്ലബ് വിടണമെന്നും അതിന് വേണ്ട സൗകര്യങ്ങൾ ചെയ്യണമെന്നും ബാഴ്സയോട് അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ ഈ അപേക്ഷ ചെവിക്കൊള്ളാൻ ബർതോമ്യു തയ്യാറായില്ല എന്ന് മാത്രമല്ല തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ തങ്ങൾ ഒരുക്കമല്ലെന്നും മെസ്സിയോട് പരിശീലനത്തിന് വരാൻ പറയണമെന്നുമായിരുന്നു പ്രസിഡന്റിന്റെ നിലപാട്.

മെസ്സിയുടെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂൺ പത്തിന് അവസാനിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ മെസ്സി ഇപ്പോഴും ബാഴ്സ താരമാണ് എന്നും ടീമിന്റെ പ്രധാനപ്പെട്ട റോൾ മെസ്സിക്കുണ്ടെന്നും മെസ്സിയുടെ വിൽപ്പന സംബന്ധിച്ച ഒന്നും സംസാരിക്കാൻ താൻ തയ്യാറല്ലെന്നും പ്രസിഡന്റ്‌ അറിയിക്കുകയായിരുന്നു. ഇതോടെ കൂടിക്കാഴ്ച്ച അവസാനിക്കുകയും ചെയ്തു. ഇനി മെസ്സിക്ക് നിയമവഴിയിൽ നീങ്ങുകയോട് പരസ്യമായി പ്രസ്താവനകൾ നടത്തുകയോ ചെയ്യുക എന്നാണ് വഴി. ബാഴ്സയുടെ മുന്നിലുള്ള വഴി ട്രെയിനിങ് നഷ്ടപ്പെടുത്തിയ മെസ്സിക്കെതിരെ നടപടികൾ സ്വീകരിക്കുക എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *