ഗവണ്മെന്റ് അനുമതി കിട്ടി, ലാലിഗ ജൂൺ പതിനൊന്നിന് തിരിച്ചെത്തുമെന്ന് ടെബാസ്

കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് പ്രൈം മിനിസ്റ്റർ പെഡ്രോ സാഞ്ചസ് ലാലിഗ തുടങ്ങാനുള്ള അനുമതി അധികൃതർക്ക് നൽകിയത്. വരുന്ന ജൂൺ എട്ട് മുതൽ ലാലിഗ തുടങ്ങാം എന്ന് പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. അത്കൊണ്ട് തന്നെ ജൂൺ എട്ട് മുതൽ തന്നെ ലാലിഗ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലാലിഗ എത്താൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ്. കഴിഞ്ഞ ദിവസം വാമോസിൽ സംസാരിക്കുന്ന വേളയിലാണ് ടെബാസ് ഇക്കാര്യം അറിയിച്ചത്. ജൂൺ പതിനൊന്നിനാണ് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ കൂടുതലെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു.

” ജൂൺ പന്ത്രണ്ടാം തിയ്യതി ഉൾപ്പെടുന്ന ആ വീക്കിലെ എൻഡിലായിരിക്കും മത്സരങ്ങൾ പുനരാരംഭിക്കുക. അതൊരുപക്ഷെ പതിനൊന്നാം തിയ്യതി ആവാം. പതിമൂന്നോ പതിനാലോ ആവാം. പക്ഷെ ആ വീക്കിൽ തന്നെ ലാലിഗ തിരിച്ചെത്തും. സെവിയ്യ ഡെർബിയോടെയാണ് ലാലിഗ പുനരാരംഭിക്കുക. സ്പാനിഷ് സ്പോർട്സ് കൗൺസിലും ആർഎഫ്ഇഎഫും തമ്മിൽ ഇനിയും ഒരുപാട് ചർച്ചകൾ നടക്കാനുണ്ട്. ഔദ്യോഗികമായ തീരുമാനം ഇത് വരെ ആയിട്ടില്ല ” ഇതായിരുന്നു ടെബാസിന്റെ വാക്കുകൾ.

ഒരു ആഴ്ച്ച മുൻപ് ബുണ്ടസ്‌ലീഗ പുനരാരംഭിച്ചിരുന്നു. ജൂൺ മൂന്നിന് പോർച്ചുഗീസ് ലീഗ് ആരംഭിക്കും. ജൂൺ പതിമൂന്നിനോ അതല്ലെങ്കിൽ ഇരുപതിനോ സിരി എ തിരിച്ചെത്തും.ഇംഗ്ലണ്ടിൽ ലീഗ് ജൂൺ ഒന്ന് മുതൽ തുടങ്ങാൻ അധികൃതർക്ക് ഗവണ്മെന്റ് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വരെ തിയ്യതി നിശ്ചയിച്ചിട്ടില്ല.ലാലിഗ കൂടെ തിരിച്ചെത്തുന്നതോടെ ഫുട്ബോൾ മൈതാനങ്ങൾ സജീവമാകും. കഴിഞ്ഞ ആഴ്ച്ച ലീഗിലെ ക്ലബുകൾ ചെറുസംഘങ്ങളായി പരിശീലനം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *