ക്ഷമ ചോദിക്കുന്നു, ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ല:വിനീഷ്യസിനോട് ടെബാസ്.

കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിനിടെ വലിയ രൂപത്തിലുള്ള വംശീയ അധിക്ഷേപങ്ങളാണ് വിനീഷ്യസ് ജൂനിയറിന് ഏൽക്കേണ്ടിവന്നത്.ഇതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. എന്നാൽ ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് ഈ അവസരത്തിൽ വിനീഷ്യസിനെതിരെയായിരുന്നു സംസാരിച്ചിരുന്നത്.വിനീഷ്യസ് കൃത്യമായി കാര്യങ്ങൾ ഞങ്ങളോട് സംസാരിച്ചില്ല എന്നായിരുന്നു ടെബാസ് ആരോപിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വിനീഷ്യസ് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

റേസിസ്റ്റുകൾക്ക് തുല്യമാണ് ടെബാസ് എന്നായിരുന്നു ഈ റയൽ മാഡ്രിഡ് താരം ആഞ്ഞടിച്ചിരുന്നത്. മാത്രമല്ല ടെബാസിനെതിരെ കടുത്ത വിമർശനങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരികയും ചെയ്തു. ഇതിന് പിന്നാലെ ടെബാസ് വിനീഷ്യസിനോട് ക്ഷമ ചോദിച്ചിട്ടുണ്ട്. താരത്തെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ടെബാസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒരിക്കലും വിനീഷ്യസ് ജൂനിയറിനെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ പല രീതിയിലും ആളുകൾ മനസ്സിലാക്കിയിട്ടുള്ളത് അങ്ങനെയാണ്.അതൊരു തെറ്റിദ്ധാരണ മാത്രമാണ്.തീർച്ചയായും ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.ഒരിക്കലും ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.പക്ഷേ ഞാൻ വിശദീകരിച്ചത് വളരെ മോശമായ രീതിയിലാണ്, അതും ഒരു മോശമായ സമയത്ത് ” ഇതാണ് ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് ESPN ബ്രസീലിനോട് പറഞ്ഞിട്ടുള്ളത്.

ഈ വിഷയത്തിൽ ലാലിഗ ഇതുവരെ നടപടികൾ ഒന്നും എടുത്തിട്ടില്ല. അതേസമയം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വലൻസിയക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും വിനീഷ്യസിന്റെ വിലക്ക് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം ഈ സൂപ്പർ താരം കളിച്ചിരുന്നില്ല.സെവിയ്യ,അത്ലറ്റിക്ക് ക്ലബ്ബ് എന്നിവർക്കെതിരെയാണ് ഇനി റയലിന് ഈ സീസണിൽ മത്സരങ്ങൾ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!