കാസിമിറോയുടെ പകരക്കാരനെ സിദാൻ കണ്ടെത്തി, ആദ്യ ലാലിഗ മത്സരത്തിനുള്ള ടീമിൽ ഇടം നേടിയേക്കും !

റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാന് പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്ന ഒരു കാര്യം ബ്രസീലിയൻ സൂപ്പർ താരം കാസിമിറോക്ക് ഒരു ഒത്ത പകരക്കാരൻ ഇല്ല എന്നുള്ളതായിരുന്നു. റയൽ മാഡ്രിഡിന്റെ ഡിഫൻസീവ് മിഡ്‌ഫീൽഡിൽ കാസിമിറോ ഇല്ലാതായാൽ ആ വിടവ് നികത്താൻ പോന്ന ഒരാൾ സ്ക്വാഡിൽ ഇല്ലാത്തത് സിദാനെ ചെറിയ തോതിലൊന്നുമല്ല വലച്ചിരുന്നത്. എന്നാൽ ഒരു കാസിമിറോയുടെ അഭാവത്തിൽ ആ സ്ഥാനം ഏറ്റെടുക്കാൻ കഴിവുള്ള ഒരാളെ കണ്ടെത്തിയിരിക്കുകയാണ് സിദാൻ. മറ്റാരുമല്ല, റയൽ മാഡ്രിഡിന്റെ യൂത്ത് ടീമായ കാസ്റ്റില്ലയുടെ സൂപ്പർ താരം അന്റോണിയോ ബ്ലാങ്കോയെയാണ് സിദാൻ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇരുപത് വയസ്സുകാരനായ മധ്യനിര ഫസ്റ്റ് ടീമിലേക്ക് കയറിപ്പറ്റാൻ നിരന്തരം ശ്രമങ്ങൾ നടത്തുന്ന ഒരാളാണ്. അത്‌ ഫലം കണ്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ലാലിഗയിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ റയൽ സോസിഡാഡിനെ നേരിടാനുള്ള സ്ക്വാഡിലേക്ക് താരം തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചനകൾ. പൊതുവെ യൂത്ത് ടീമിൽ നിന്ന് താരങ്ങളെ സിദാൻ എടുക്കാറില്ല. പക്ഷെ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ്‌ ഗെറ്റാഫെക്കെതിരെ സൗഹൃദമത്സരം കളിച്ചിരുന്നു. ഈ മത്സരത്തിൽ രണ്ടാം പകുതിയിൽ കാസിമിറോയുടെ സ്ഥാനത്ത് ബ്ലാങ്കോ ആയിരുന്നു കളിച്ചിരുന്നത്. താരത്തിന്റെ പ്രകടനത്തിൽ സിദാൻ സംതൃപ്തി പ്രകടിപ്പിച്ചതായാണ് അറിവ്. സ്പെയിൻ അണ്ടർ 17, അണ്ടർ 19 ടീമുകളോടൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ് നേടിയ ടീമിലെ അംഗമായിരുന്നു താരം. ഒരുപക്ഷെ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ താരം അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. മെയ് 2019-ന് സിദാന്റെ മകനായ ലൂക്ക അരങ്ങേറ്റം കുറിച്ചതിന് ശേഷം കാസ്റ്റില്ലയിലൂടെ വളർന്നു വന്ന ആരും തന്നെ അരങ്ങേറ്റം കുറിച്ചിട്ടില്ല. ഇപ്രാവശ്യം അത്‌ ബ്ലാങ്കോ തിരുത്തികുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *