ഈ കിരീടം ചാമ്പ്യൻസ് ലീഗിനേക്കാൾ സന്തോഷം നൽകുന്നു, ആഹ്ലാദം പ്രകടിപ്പിച്ച് സിദാൻ

ഈ ലാലിഗ കിരീടം തനിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനേക്കാൾ സന്തോഷം നൽകുന്നുവെന്ന് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. മുപ്പത്തിനാലാം കിരീടം സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ അതിയായ സന്തോഷം പുറത്തു കാണിച്ചത്. ഈയൊരു അനുഭവം പറഞ്ഞറിയിക്കാനാവാത്തതാണെന്നും കിരീടം എല്ലാ താരങ്ങൾക്കും അവകാശപ്പെട്ടതാണെന്നും സിദാൻ അറിയിച്ചു. എല്ലാ താരങ്ങളും മതിപ്പുളവാക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും ടീമിന് വേണ്ടി കുറച്ചു നിമിഷങ്ങൾ പന്തുതട്ടിയവർ പോലും അവർക്ക് കഴിയുന്നതിന്റെ അത്രയും ടീമിനായി സംഭാവന ചെയ്തിട്ടുണ്ടെന്നും ഇത് ടീമിന്റെ മൊത്തത്തിലുള്ള വിജയമാണെന്നും സിദാൻ അറിയിച്ചു. ആരാധകരോടൊപ്പം സിബെലെസിൽ കിരീടനേട്ടം ആഘോഷിക്കാനാവാത്തതിൽ നിരാശ ഉണ്ടെന്നും എന്നാൽ ആരാധകർക്ക് കിരീടം നേടികൊടുത്തത്തിൽ അതിയായ സന്തോഷവാനാണെന്നും സീസു കൂട്ടിച്ചേർത്തു.

” ഇതൊരു മഹത്തായ അനുഭവമാണ്. എന്തെന്നാൽ താരങ്ങൾ എല്ലാവരും തന്നെ മതിപ്പുളവാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്താണ് എന്റെ സന്തോഷമെന്നുള്ളത് വിവരിക്കാനാവുന്നതിലുമപ്പുറമാണ്. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻസ് ലീഗ് ആണ് എന്നറിയാം. പക്ഷെ ഈ കിരീടം ചാമ്പ്യൻസ് ലീഗ് നേടിയതിനേക്കാൾ എനിക്ക് സന്തോഷം നൽകുന്നു. ഞങ്ങൾ തന്നെയാണ് മികച്ചവർ. ഞങ്ങൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ചതും. എന്നെ സംബന്ധിച്ചെടുത്തോളം എന്റെ പ്രൊഫഷണൽ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണിത്. ഞാൻ എന്റേതായ റോൾ ചെയ്തിട്ടുണ്ട്. പക്ഷെ അതിനേക്കാളുപരി താരങ്ങൾ ആണ് ഇതിന് വേണ്ടി പോരാടിയത്. ഈ ടീം എന്നെ വളരെയധികം സന്തോഷവാനാക്കുന്നു. ടീമിലെ ഓരോ താരങ്ങളും ക്ലബിനോട് ആത്മാർത്ഥത പുലർത്തിയിട്ടുണ്ട്. ഓരോ താരങ്ങളും തങ്ങളെ കൊണ്ടാവും വിധം ടീമിലേക്ക് സംഭാവനകൾ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആരാധകരോടൊപ്പം സിബെലസിൽ വെച്ച് ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അതിന് സാധിക്കില്ല. പക്ഷെ അവർ വീടുകളിൽ സന്തോഷവാൻമാരാണെന്ന് എനിക്കുറപ്പാണ്. റയൽ കിരീടം നേടിയതിൽ അവർ തീർച്ചയായും സന്തോഷം പ്രകടിപ്പിക്കുന്നുണ്ടാവും ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *