ഇത് മോശമായാണ് അവസാനിക്കുകയെന്ന് തനിക്കറിയാമായിരുന്നു, മെസ്സിയെ കുറിച്ച് മറഡോണ പറയുന്നു !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയും സൂപ്പർ താരം ലയണൽ മെസ്സിയും തമ്മിലുള്ള ബന്ധം ഏറെ വഷളായത്. ബാഴ്സ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ മെസ്സി ആദ്യമായി ക്ലബ്ബിനോട് അനുവാദം ചോദിച്ചത് ഈ സമ്മറിലായിരുന്നു. എന്നാൽ ബാഴ്‌സയാവട്ടെ ഒരു നിലക്കും മെസ്സിയെ വിടാൻ അനുവദിക്കാതിരിക്കുന്നതാണ് പിന്നീട് കണ്ടത്. ഒടുവിൽ മെസ്സി മനസ്സില്ലാമനസ്സോടെ ബാഴ്‌സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസതാരം ഡിയഗോ മറഡോണ. താരത്തിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അർജന്റൈൻ മാധ്യമമായ ക്ലാരിന് നൽകിയ അഭിമുഖത്തിലാണ് മറഡോണ സംസാരിച്ചത്. ഇതിങ്ങനെ മോശമായ രീതിയിലേ അവസാനിക്കുകയൊള്ളൂ എന്ന് തനിക്കറിയാമായിരുന്നുവെന്നും ബാഴ്‌സ ഒരു എളുപ്പമുള്ള ക്ലബ് അല്ലെന്നുമാണ് മറഡോണ അഭിപ്രായപ്പെട്ടത്. മെസ്സി അർഹിക്കുന്ന രീതിയിൽ അല്ല അവർ മെസ്സിയോട് പെരുമാറിയതെന്നും മറഡോണ കൂട്ടിച്ചേർത്തു.

” എനിക്കറിയാമായിരുന്നു മെസ്സി ബാഴ്സ വിടാനൊരുങ്ങുമെന്ന്, അത് മോശമായ രീതിയിൽ തന്നെ അവസാനിക്കുമെന്നും എനിക്കറിയാമായിരുന്നു. ഇത് പോലെ എനിക്കും സംഭവിച്ചിട്ടുണ്ട്. ബാഴ്‌സ ഒരിക്കലും ഒരു എളുപ്പമല്ല ക്ലബ് അല്ല. മെസ്സി വർഷങ്ങളായിട്ട് ബാഴ്‌സ തുടരുന്ന ഒരു താരമാണ്. എന്നിട്ടും അദ്ദേഹം അർഹിക്കുന്ന രീതിയിൽ അല്ല അവർ മെസ്സിയോട് പെരുമാറിയത്. മെസ്സി ബാഴ്സക്ക് സർവ്വതും നൽകി. ബാഴ്‌സയെ ഏറ്റവും മുകളിലേക്ക് എത്തിച്ചത് മെസ്സിയാണ്. എന്നിട്ട് ഒരു ദിവസം അദ്ദേഹം ക്ലബ് വിടാനുള്ള ആഗ്രഹം താരം അറിയിച്ചപ്പോൾ കാര്യങ്ങൾ മാറിമറിയുന്നു, അവർ പോവേണ്ട എന്ന് പറയുന്നു. വാതിലടച്ചു കൊണ്ട് പുറത്തേക്ക് പോവുക എന്നുള്ളത് എളുപ്പമല്ല. മെസ്സിക്ക് വലിയ ഒരു ക്ലബുമായി കരാറുണ്ട്. മെസ്സിയെ ജനങ്ങൾ സ്നേഹിക്കുന്നു. ഞാൻ നാപോളിയിൽ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല ” മറഡോണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *