ആർതർ വരില്ല, നടപടിക്കൊരുങ്ങി ബാഴ്സ

ഇനി FC ബാഴ്സലോണക്ക് വേണ്ടി കളിക്കാൻ തയ്യാറല്ലെന്ന് ആർതർ മെലോ ക്ലബ്ബിനെ അറിയിച്ചു. കഴിഞ്ഞ ജൂണിൽ താരത്തെ ബാഴ്സ യുവെൻ്റസിന് കൈമാറിയതാണെങ്കിലും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തീരും വരെ ബാഴ്സയിൽ തുടരണമെന്നാണ് കരാർ. ലാ ലിഗ മത്സരങ്ങൾക്ക് ശേഷം ക്വീക്കെ സെറ്റിയെൻ തൻ്റെ ടീം അംഗങ്ങൾക്ക് ഒരാഴ്ച അവധി നൽകിയിരുന്നു. ആ സമയത്ത് ബ്രസീലിലേക്ക് പോയ ആർതർ താൻ ഇനി തിരിച്ച് ബാഴ്സലോണയിലേക്കില്ലെന്ന് ക്ലബ്ബ് അധികൃതരെ അറിയിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നലെ ബാഴ്സ താരങ്ങളോട് കോവിഡ് ടെസ്റ്റിന് ഹാജരാവാൻ പറഞ്ഞിരുന്നു. എന്നാൽ ബ്രസീലിൽ തുടർന്ന ആർതർ ഇതിനായി എത്തിയില്ല. ഇത് കരാർ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും FC ബാഴ്സലോണ അറിയിച്ചെങ്കിലും ആർതർ തൻ്റെ തീരുമാനത്തിൽ നിന്നും മാറാൻ തയ്യാറായിട്ടില്ല.

ഓഗസ്റ്റ് 8ന് നാപ്പോളിക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വോർട്ടറിൻ്റെ രണ്ടാം പാദ മത്സരം കളിക്കാനൊരുങ്ങുന്ന FC ബാഴ്സലോണക്ക് മധ്യനിരയിൽ പ്രശ്നങ്ങളുണ്ട്. ആർതുറോ വിദാലിനും സെർജിയോ ബുസ്ക്കിറ്റസിനും സസ്പെൻഷൻ മൂലം കളിക്കാനാവില്ല. മറ്റു താരങ്ങൾക്ക് പരിക്കിൻ്റെ ഭീഷണിയുമുണ്ട്. ഫ്രങ്കി ഡി യോംഗും സെർജി റോബർട്ടോയും മാത്രമാണ് അവൈലബിളായ ഫസ്റ്റ് ടീം മിഡ്ഫീൽഡേഴ്സ്. ബാഴ്സ ബിയിൽ നിന്നും റിക്കി പുച്ചും ഇടം പിടിക്കും. ഇത്തരം ഒരു സാഹചര്യത്തിൽ ആർതർ ബെഞ്ചിലെങ്കിലും ഉണ്ടാവേണ്ടത് ബാഴ്സക്ക് അത്യാവശ്യമാണ്. എന്നാൽ ബാഴ്സലോണക്ക് വേണ്ടി കളിക്കില്ലെന്ന നിലപാടിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *