ആറിൽ കൂടുതൽ വർഷം മെസ്സിക്ക് കളിക്കാനാവുമെന്ന് സാവി
സൂപ്പർ താരം ലയണൽ മെസ്സിക്ക് അഞ്ചോ ആറോ വർഷത്തിൽ കൂടുതൽ ഇതേ നിലവാരത്തിൽ കളിക്കാനാവുമെന്ന് അഭിപ്രായപ്പെട്ട് മുൻ സഹതാരവും നിലവിൽ അൽ-സാദ് പരിശീലകനുമായ സാവി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സാമുവൽ ഏറ്റൂവുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ അഭിമുഖത്തിലാണ് സാവി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മെസ്സിക്ക് തന്റെ ശരീരം എങ്ങനെ പരിപാലിക്കണമെന്ന് അറിയാമെന്നും മറ്റൊരു വേൾഡ് കപ്പ് കൂടി കളിക്കാൻ മെസ്സിക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയെയും നെയ്മറെയും ബാഴ്സയിൽ ഒരുമിച്ച് പരിശീലിപ്പിക്കുന്നത് തന്റെ സ്വപ്നമാണെന്നും അദ്ദേഹം അറിയിച്ചു. ബാഴ്സയിലെ പരിശീലകവേഷത്തെ കുറിച്ചും സാവി തന്റെ പ്രതികരണമറിയിച്ചു.
” കഴിഞ്ഞ ജനുവരിയിൽ ഞാനും എറിക് അബിദാലും ഓസ്കാർ ഗ്രോയും തമ്മിൽ ബാഴ്‌സയുടെ പരിശീലകസ്ഥാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. എനിക്കറിയാം അത് ശരിയായ സമയമല്ലെന്ന്. വളരെ പ്രധാനപ്പെട്ട ഒരു പ്രൊപോസൽ ആയിരുന്നു അത്. പക്ഷെ എനിക്ക് കൂടുതൽ പരിചയസമ്പന്നത കൈവരാനുണ്ട്. ബാഴ്സയെ പരിശീലിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിന് കൂടുതൽ പരിചയസമ്പത്ത് ആവിശ്യമാണ്. ബാഴ്സയെ പരിശീലിപ്പിക്കുക എന്നത് എന്റെ സ്വപ്നമാണ്. പ്രത്യേകിച്ച് നെയ്മറും മെസ്സിയുമടങ്ങിയ ബാഴ്സയെ ” സാവി പറഞ്ഞു.