അഴിച്ചുപണി ആവിശ്യം, ഈ ഡിഎൻഎയും വെച്ച് ഒന്നും നേടാനാവില്ല, ബാഴ്സക്ക് വിദാലിന്റെ രൂക്ഷവിമർശനം !

എഫ്സി ബാഴ്സലോണക്കെതിരെ രൂക്ഷവിമർശനവുമായി ചിലിയൻ താരം ആർതുറോ വിദാൽ. കഴിഞ്ഞ ദിവസം പ്രമുഖ യുട്യൂബർ ആയ ഡാനിയൽ ഹാബിഫിന് നൽകിയ അഭിമുഖത്തിലാണ് വിദാൽ രൂക്ഷവിമർശനം ഉയർത്തിയത്. ബാഴ്സയിൽ മൊത്തത്തിൽ അഴിച്ചു പണി ആവിശ്യമാണ് എന്നറിയിച്ച താരം ഈ ഡിഎൻഎയും വെച്ച് കൊണ്ട് ബാഴ്സക്ക് ഒന്നും ചെയ്യാനാവില്ലെന്നും ബാഴ്സ ചിന്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു എന്നുമാണ് വിദാൽ അറിയിച്ചത്. കൂടുതൽ കരുത്തോടെയും വേഗതയോടെയും കളിക്കുന്ന രീതി ബാഴ്സ ഉൾകൊള്ളാൻ തയ്യാറാവണമെന്നും ബാഴ്സയുടെ പതിയെയുള്ള ഈ ശൈലി എപ്പോഴും ജയങ്ങൾ നേടിതരും എന്നുള്ളത് വെറും വ്യാമോഹം മാത്രമാണ് എന്നുമാണ് വിദാലിന്റെ അഭിപ്രായം. യുവന്റസ് തന്നെ വിളിച്ചാൽ തനിക്ക് സന്തോഷമേ ഒള്ളൂ എന്നും താരം കൂട്ടിച്ചേർത്തിരുന്നു.

” വളരെയധികം വേദന തോന്നുന്ന ഒരു നിമിഷമാണിത്. അവസാനമത്സരത്തിൽ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചാണ് വേദന തോന്നുന്നത്. എനിക്ക് ആ മത്സരത്തെ കുറിച്ച് വളരെയധികം പ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷെ ടീം നല്ല രീതിയിൽ ആയിരുന്നില്ല. ഒരു ടോപ് ലെവലിൽ എത്താൻ വേണ്ടി ഉള്ളതൊന്നും ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ഊർജ്ജവും തന്ത്രവും എല്ലാം നഷ്ടപ്പെട്ടത് കൊണ്ടാണ് അന്ന് അങ്ങനെ സംഭവിച്ചത്. സത്യത്തിൽ ഇത് താരങ്ങളുടെ കുഴപ്പം കൊണ്ട് മാത്രമല്ല. അതിലും വലുതാണ്. ക്ലബ്‌ പുരോഗതി കൈവരിക്കണമെങ്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. ബാഴ്സ അവരുടെ രീതികൾ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഫുട്ബോളിൽ ഒരുപാട് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ബാഴ്സ ഈ ഡിഎൻഎ മാറ്റിയിട്ടു കുറച്ചു കൂടെ സ്പീഡും ടെക്നിക്കും ഉപയോഗിച്ച് കളിക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു ” വിദാൽ തുടരുന്നു.

” ഒരുപാട് കാര്യങ്ങളിൽ ബാഴ്സ മാറ്റം വരുത്താനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ബാഴ്സ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്‌ക്വാഡിലെ എല്ലാ അംഗങ്ങളും മികച്ചവർ തന്നെയാണ്. ടീമിലുള്ള ഓരോ താരങ്ങളും തങ്ങളുടെ സ്ഥാനത്തിന് വേണ്ടി പൊരുതുകയും മികച്ച രീതിയിൽ കളിക്കുകയും വേണം. എല്ലാ ടീമിലുമുള്ള ഇരുപത്തിമൂന്ന് അംഗങ്ങളും തങ്ങളുടെ സ്ഥാനത്തിനായി പോരാടുന്നവർ ആണ്. അത്‌ ഓരോ ദിവസവും പുരോഗതി പ്രാപിക്കാനും വളരാനും സഹായിക്കും. പക്ഷെ എപ്പോഴും ഈ ഡിഎൻഎ നിങ്ങൾക്ക് വിജയങ്ങൾ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത്‌ തീർച്ചയായും തെറ്റാണ്. ഇവിടെ ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്. ലോകത്തിലെ നമ്പർ വൺ താരമായ മെസ്സിയുണ്ട്. അതിനാൽ തന്നെ ടീം പുരോഗതി കൈവരിക്കേണ്ടതും നല്ല റിസൾട്ടുകൾ സ്വന്തമാക്കേണ്ടതും അത്യാവശ്യമാണ് ” വിദാൽ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *