KFCയിൽ നിന്നും സിരി എയിലേക്ക്,ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കുന്നത് സ്വപ്നം കണ്ട് ബെറ്റൊ!

തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ പോർച്ചുഗലിലെ പ്രശസ്ത ക്ലബ്ബായ ബെൻഫിക്കയുടെ യൂത്ത് അക്കാദമിയിൽ ഇടം നേടാൻ കഴിഞ്ഞ താരമായിരുന്നു ബെറ്റോ. പക്ഷേ ഒരു സീസൺ മാത്രമാണ് അവർ താരത്തെ നിലനിർത്തിയത്. തുടർന്ന് റിലീസ് ചെയ്യപ്പെട്ട ബെറ്റോ പോർച്ചുഗീസ് ലീഗിലെ അഞ്ചാം നിര ക്ലബ്ബുകൾക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്. മാത്രമല്ല ജീവിതോപാധിയായി ഫുഡ് റസ്റ്റോറന്റ് ആയ KFC യിൽ അദ്ദേഹം ജോലി ചെയ്യുകയും ചെയ്തിരുന്നു. പതിനെട്ടാം വയസ്സിലായിരുന്നു താരം KFC യിൽ ജോലിക്കാരനായിരുന്നത്.

പക്ഷേ ഇന്ന് ഇറ്റലി അറിയപ്പെടുന്ന താരമാണ് ബെറ്റോ. ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ബെറ്റോക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. 9 ഗോളുകൾ ഇറ്റാലിയൻ ലീഗിൽ അദ്ദേഹം നേടിക്കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർച്ചുഗലിന്റെ ദേശീയ ടീമിൽ കളിക്കുക എന്നുള്ളതാണ് ഇപ്പോൾ ഈ താരത്തിന്റെ സ്വപ്നം. അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

” പോർച്ചുഗൽ ദേശീയ ടീമിന്റെ അധികൃതർ എന്നെ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളത് എനിക്കറിയാം. പക്ഷേ ഞാൻ എപ്പോഴും ദേശീയ ടീമിനെ മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്നത് ശരിയല്ല.ഞാൻ അതിന്റെ അരികിൽ എത്തിയിട്ടുണ്ട്. വേൾഡ് കപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിൽ ഇടം നേടാൻ എനിക്ക് കഴിഞ്ഞിരുന്നു.പക്ഷേ നിലവിൽ ഞാൻ എന്റെ ക്ലബ്ബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.ഞാനിവിടെ മികച്ച രൂപത്തിൽ മുന്നോട്ടു പോയാൽ പോർച്ചുഗൽ എന്നെ വിളിക്കുക തന്നെ ചെയ്യും.എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കുക എന്നുള്ളത് വലിയ ഒരു സ്വപ്നമാണ്. പക്ഷേ ഫുട്ബോളിൽ എന്തും സാധ്യമാണ് ” ബെറ്റോ പറഞ്ഞു.

ഏവർക്കും പ്രചോദനം നൽകുന്ന ഒരു ജീവിത കഥ തന്നെയാണ് ബെറ്റോയുടേത്. 2024 നടക്കുന്ന യൂറോ കപ്പിനുള്ള സ്‌ക്വാഡിൽ ഇടം നേടുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!