ലക്ഷ്യം ഗോൾഡ് മെഡൽ തന്നെ, അടുത്ത ഒളിമ്പിക്സിന് മെസ്സിയെയും ഡി മരിയയെയും ആഗ്രഹിച്ച് മശെരാനോ.

തകർപ്പൻ പ്രകടനമാണ് അർജന്റീനയുടെ ദേശീയ ടീം ഇപ്പോൾ പുറത്തെടുക്കുന്നത്. ഇന്റർനാഷണൽ ഫുട്ബോളിൽ സാധ്യമായതെല്ലാം കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർജന്റീന സ്വന്തമാക്കി കഴിഞ്ഞു. അതിൽ മുഖ്യ പങ്ക് വഹിച്ച രണ്ടു താരങ്ങളാണ് ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും.ഇവർ തമ്മിലുള്ള കൂട്ടുകെട്ടിന് വർഷങ്ങളുടെ പഴക്കമുണ്ട്.

2008ലെ ബീജിങ് ഒളിമ്പിക് ഗോൾഡ് മെഡൽ അർജന്റീന നേടിയപ്പോൾ അതിൽ തിളങ്ങിയത് മെസ്സിയും ഡി മരിയയുമായിരുന്നു.ഇപ്പോൾ അത് വേൾഡ് കപ്പ് നേട്ടത്തിൽ എത്തിനിൽക്കുന്നു. ഈ രണ്ടു താരങ്ങളെയും അടുത്ത പാരീസ് ഒളിമ്പിക്സിൽ കളിപ്പിക്കാൻ അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനും ഇതിഹാസവുമായ ഹവിയർ മശെരാനോ ആഗ്രഹിക്കുന്നുണ്ട്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ Tyc സ്പോർട്സിനോട് മശെരാനോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും അസാധാരണമായ താരങ്ങളാണ്.രണ്ടുപേരും ലോക ചാമ്പ്യന്മാരാണ്.അവരെ ഞങ്ങൾക്ക് ലഭിച്ചാൽ അത് വലിയ ഒരു അഭിമാനം തന്നെയായിരിക്കും. കാര്യങ്ങളുടെ ഗതി നിശ്ചയിക്കാൻ കെൽപ്പുള്ള താരങ്ങളാണ് അവർ ഇരുവരും. അവർ അടുത്ത ഒളിമ്പിക്സിന് ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനായ മശെരാനോ പറഞ്ഞിട്ടുള്ളത്.

അണ്ടർ 20 ടീമാണ് ഒളിമ്പിക്സിൽ പങ്കെടുക്കുക. എന്നാൽ 3 സീനിയർ താരങ്ങൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അനുമതിയുണ്ട്. ലയണൽ മെസ്സിയും ഡി മരിയയും ഇതിന്റെ ഭാഗമാവുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അടുത്തവർഷം ജൂലൈ 26 തീയതി മുതൽ ഓഗസ്റ്റ് പതിനൊന്നാം തീയതി വരെയാണ് ഒളിമ്പിക്സ് നടക്കുന്നത്. ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് വേദി. ബ്രസീലാണ് നിലവിലെ ഒളിമ്പിക്ക് ഗോൾഡ് മെഡൽ ജേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!