മെസ്സി, കൂടുമാറ്റം : അർജന്റൈൻ ഗോൾകീപ്പർക്ക്‌ പറയാനുള്ളത് ഇങ്ങനെ!

കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റൈൻ ടീമിന്റെ ഭാഗമായിരുന്ന ഗോൾകീപ്പർ യുവാൻ മുസ്സോ ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കൂടുമാറിയിരുന്നത്.മൂന്ന് വർഷത്തെ ഉഡിനസ് കരിയറിന് വിരാമമിട്ടു കൊണ്ട് അറ്റലാന്റയിലേക്കാണ് താരം ചേക്കേറിയത്.20 മില്യൺ യൂറോയാണ് ഈ 27-കാരനായ താരത്തിന് വേണ്ടി അറ്റലാന്റ ചിലവഴിച്ചത്. ഏതായാലും കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ടിഎൻടി സ്പോർട്സിന് ഇദ്ദേഹമൊരു അഭിമുഖം അനുവദിച്ചു നൽകിയിരുന്നു. ഈ ഇന്റർവ്യൂവിൽ തന്റെ കൂടുമാറ്റത്തെ കുറിച്ചും അത്പോലെ തന്നെ അർജന്റൈൻ നായകനായ ലയണൽ മെസ്സിയെ കുറിച്ചും ഇദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഉഡിനസിൽ ഞാൻ വളരെയധികം സന്തോഷവാനായിരുന്നു. എന്നെ വളരാൻ സഹായിച്ചത് അവരാണ്.പക്ഷേ ഈയൊരു ചുവടുമാറ്റവും എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്. എന്തെന്നാൽ ഞാൻ ഇറ്റലിയിൽ എത്തിയത് മുതൽ ഒരുപാട് ഇഷ്ടപ്പെടുന്ന ക്ലബാണ് അറ്റലാന്റ.അത്കൊണ്ട് തന്നെ അറ്റലാന്റയുടെ താരമാവാൻ കഴിഞ്ഞത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പ്രത്യേകിച്ച് വലിയ സ്ഥാനങ്ങൾക്ക്‌ വേണ്ടി പോരാടുന്ന ഒരു ക്ലബാണ് അറ്റലാന്റ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ക്ലബ് നടത്തിയിട്ടുള്ളത്. മാത്രമല്ല ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിച്ചിട്ടുമുണ്ട്.ഈ കുറച്ചു വർഷങ്ങളായി അറ്റലാന്റ വളരെ നല്ല രൂപത്തിലാണ് കളിക്കുന്നത്. അത്കൊണ്ട് തന്നെ ഞാൻ വളരെയധികം ആവേശത്തിലാണ് ” ഇതാണ് മുസ്സോ ക്ലബ്‌ മാറിയതിനെ കുറിച്ച് അറിയിച്ചത്.

അതേസമയം ലയണൽ മെസ്സിയെ പ്രശംസിക്കാനും മുസ്സോ സമയം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” മെസ്സിയുമായുള്ള ഹഗ് അസാധാരണമായിരുന്നു. മറ്റേത് താരത്തേക്കാളും കൂടുതൽ കിരീടം അർഹിച്ചിരുന്നത് മെസ്സിയായിരുന്നു. അദ്ദേഹം ഒരുപാട് തവണ അതിന്റെ തൊട്ടരികിലെത്തി. പിന്നിലേക്ക് നോക്കിയാൽ മൂന്ന് ഫൈനലുകൾ നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. ആ ഫൈനലുകളിൽ ഒന്നിലും തന്നെ 90 മിനുട്ടിൽ എതിരാളികൾക്ക് അർജന്റീനയെ കീഴടക്കാൻ സാധിച്ചിട്ടില്ല.പക്ഷെ വിധി അദ്ദേഹം കിരീടം നേടുന്നതിനെതിരെയായിരുന്നു.പക്ഷേ ഇപ്പോൾ മെസ്സിക്കൊപ്പം അർജന്റീന ഫുട്ബോൾ ലോകത്തിന്റെ നെറുകയിലാണ്.മെസ്സിയാവട്ടെ എക്കാലത്തെയും മികച്ച താരവുമാണ് ” മുസ്സോ പറഞ്ഞു. ഏതായാലും അറ്റലാന്റയിൽ മികച്ച പ്രകടനം നടത്താൻ മുസ്സോക്ക്‌ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *