മെസ്സിയെ കോപ ലിബർട്ടഡോറസിൽ കളിപ്പിക്കണം, നീക്കങ്ങൾ ആരംഭിച്ച് കോൺമെബോൾ പ്രസിഡന്റ്‌!

തന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സൂപ്പർതാരം ലയണൽ മെസ്സി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിക്ക് വേണ്ടി ബാഴ്സയും അൽ ഹിലാലും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ ഇന്റർ മിയാമിയാണ് വിജയിച്ചത്. ലയണൽ മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

കോൺമെബോളിന്റെ പ്രസിഡന്റായ അലജാൻഡ്രോ ഡോമിങ്കസ് വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് ലയണൽ മെസ്സി. ലയണൽ മെസ്സിയുടെ കരിയറിൽ ലഭിക്കാത്തതായി കൊണ്ട് അവശേഷിക്കുന്ന ഏക കിരീടം കോപ ലിബർട്ടഡോറസാണെന്നും മെസ്സി അത് നേടാൻ ശ്രമിക്കണമെന്നും കോൺമെബോൾ പ്രസിഡന്റ് നേരത്തെ മെസ്സിയുടെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഏതായാലും ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് എത്തിയതിന് പിന്നാലെ ഡോമിങ്കസ് ഇപ്പോൾ പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതായത് കോപ ലിബർട്ടഡോറസിൽ പങ്കെടുക്കാൻ വേണ്ടി MLS ക്ലബ്ബുകളെ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ കോൺമെബോൾ പ്രസിഡന്റ് ഉള്ളത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മുണ്ടോ ഡിപ്പോർട്ടീവയുടെ പത്രപ്രവർത്തകനായ റോജർ ടൊറെല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സിയെ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രധാനമായും ഈ നീക്കം കോൺമെബോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

നേരത്തെ മെക്സിക്കൻ ക്ലബ്ബുകൾ 1998 മുതൽ 2016 വരെ കോപ ലിബർട്ടഡോറസിൽ കളിച്ചിട്ടുണ്ട്. അതായത് ലാറ്റിനമേരിക്കയുടെ പുറത്ത് നിന്നുള്ളവരെയും കോപ ലിബർട്ടഡോറസിൽ പങ്കെടുപ്പിക്കാറുണ്ട്.MLS ഈ ക്ഷണം സ്വീകരിച്ചു കഴിഞ്ഞാൽ മെസ്സിയുടെ ഇന്റർ മിയാമിക്ക് കോപയിൽ കളിക്കാൻ കഴിഞ്ഞേക്കും. പക്ഷേ നിലവിൽ മോശം അവസ്ഥയിലൂടെയാണ് ഇന്റർ മിയാമി കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *