അർജന്റീനയിൽ മെസ്സിയുടെ പിൻഗാമിയാവാൻ എന്തുകൊണ്ട് ഡിബാലക്ക് സാധിക്കില്ല?ഇതിഹാസം മരിയോ കെമ്പസ് പറയുന്നു

ലയണൽ മെസ്സി ഇനി അർജന്റീനയുടെ ദേശീയ ടീമിൽ ദീർഘകാലമൊന്നും ഉണ്ടാവില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.മെസ്സിക്ക് ഇപ്പോൾ 35 വയസ്സാണ്.ഏറിപ്പോയാൽ 2026 ലെ വേൾഡ് കപ്പ് വരെ ലയണൽ മെസ്സി അർജന്റീനയിൽ ഉണ്ടായേക്കും.അതിനുശേഷം അദ്ദേഹം അർജന്റീന ദേശീയ ടീമിന്റെ ജേഴ്സി അഴിച്ചുവെക്കാൻ തന്നെയാണ് സാധ്യതകൾ.

മെസ്സിയുടെ വിടവ്‌,അത് വലിയൊരു വിടവ് തന്നെയായിരിക്കും. എന്നിരുന്നാൽ പോലും മെസ്സിക്ക് ശേഷം ആരായിരിക്കും അർജന്റീനയിൽ ആ റോൾ ഏറ്റെടുക്കുക എന്നുള്ളത് ഇപ്പോൾ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. പലരും സൂപ്പർതാരമായ പൗലോ ഡിബാലയുടെ പേരാണ് ഉയർത്തി കാണിക്കുന്നത്.എന്നാൽ അർജന്റൈൻ ഇതിഹാസമായ മരിയോ കെമ്പസ് ഇതിനോട് യോജിക്കുന്നില്ല.എന്ത്കൊണ്ട് മെസ്സിയുടെ പിൻഗാമിയാവാൻ ഡിബാലക്ക് സാധിക്കില്ല എന്നുള്ളതിന്റെ കാരണവും ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.കെമ്പസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“തനിക്ക് മുന്നിൽ നിന്ന് നയിക്കാനുള്ള ഒരു കഴിവുണ്ട് എന്നുള്ളത് ഡിബാല സ്വയം വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാത്തിടത്തോളം കാലം അദ്ദേഹം അർജന്റീനയുടെ നിർണായക താരമായി മാറില്ല.താൻ ഇന്റലിജിന്റായ ഒരു താരമാണ്,താൻ വ്യത്യസ്തനായ ഒരു താരമാണ്, തനിക്ക് മികച്ച സ്കില്ലുകളും വിഷനും ഉണ്ട്,ഇതൊക്കെ പൗലോ ഡിബാല വിശ്വസിക്കുകയും മനസ്സിലാക്കുകയും വേണം.എന്നാൽ അർജന്റീനയുടെ ദേശീയ ടീമിൽ ഇതൊന്നും അദ്ദേഹം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഡിബാലക്ക് മെസ്സിയുടെ പിൻഗാമിയാവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല ” മരിയോ കെമ്പസ് പറഞ്ഞു.

അർജന്റീനയുടെ ദേശീയ ടീമിൽ പലപ്പോഴും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഡിബാലക്ക് സാധിക്കാറില്ല.മാത്രമല്ല അദ്ദേഹത്തിന് ലഭിക്കുന്ന അവസരങ്ങളും വളരെ കുറവാണ്.പക്ഷേ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ഡിബാല നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!