മെസ്സി താമസിച്ച റൂം ഇനി മ്യൂസിയം, പ്രഖ്യാപനവുമായി അധികൃതർ!

ദീർഘ കാലത്തിനുശേഷം വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി ചരിത്രം കുറിക്കാൻ ലയണൽ മെസ്സിക്കും സംഘത്തിനും സാധിച്ചിരുന്നു.ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സിയുടെ നായകത്വത്തിൽ അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയത്. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടം ഖത്തറിൽ ഉയർത്തിയതോടുകൂടി ലയണൽ മെസ്സി സമ്പൂർണ്ണനാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മെസ്സിയെ വീണ്ടും ആദരിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ ഉള്ളത്. അതായത് ലയണൽ മെസ്സി വേൾഡ് കപ്പിന് വേണ്ടി താമസിച്ച റൂം ഇപ്പോൾ ഒരു മ്യൂസിയമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഖത്തർ യൂണിവേഴ്സിറ്റി അധികൃതർ നടത്തിയിട്ടുണ്ട്. ലയണൽ മെസ്സിക്കും സംഘത്തിനും ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്.

എന്നാൽ ഈ റൂം അവിടെ നിന്ന് മറ്റെവിടെയേക്കെങ്കിലും മാറ്റി മ്യൂസിയം സ്ഥാപിക്കുമോ അതോ അവിടെ തന്നെയാണോ മ്യൂസിയം ഉണ്ടാവുക എന്നുള്ള കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണം വരേണ്ടതുണ്ട്. അർജന്റീനയുടെ ക്യാമ്പിൽ B201 എന്ന റൂമിൽ ആയിരുന്നു ലയണൽ മെസ്സി താമസിച്ചിരുന്നത്. റൂമിൽ രണ്ട് ബെഡുകൾ ഉണ്ടായിരുന്നുവെങ്കിലും മെസ്സി മാത്രമായിരുന്നു താമസിച്ചിരുന്നത്.അഗ്വേറോ അർജന്റീന ടീമിനോടൊപ്പം ഉണ്ടായ സമയത്ത് മെസ്സി അദ്ദേഹത്തിനൊപ്പം റൂം ഷെയർ ചെയ്തിരുന്നു.

ലയണൽ മെസ്സി ഉപയോഗിച്ച എല്ലാ വസ്തുക്കളും അതുപോലെ നിലനിർത്തും. മാത്രമല്ല അർജന്റീന താരങ്ങൾ ഒപ്പുവച്ച ജേഴ്സിയും ഇവിടെ പ്രദർശിപ്പിക്കും. 29 ദിവസത്തോളമാണ് അർജന്റീന ടീം ഖത്തർ യൂണിവേഴ്സിറ്റിയിൽ തമ്പടിച്ചിരുന്നത്. ഏതായാലും മ്യൂസിയം സ്ഥാപിക്കുന്നതോടുകൂടി കൂടുതൽ ആളുകളെ ആകർഷിക്കാൻ ഖത്തറിന് കഴിയും. നിലവിൽ മെസ്സി വെക്കേഷൻ ആഘോഷത്തിലാണ് ഉള്ളത്. ജനുവരി രണ്ടാം തീയതി മൂന്നാം തീയതിയോ മെസ്സി ക്ലബ്ബിനൊപ്പം ചേരുമെന്നാണ് പിഎസ്ജി പരിശീലകൻ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *