പെലെക്ക് നിത്യശാന്തി നേർന്ന് മെസ്സി, ഫുട്ബോൾ രാജാവിന് വിടയെന്ന് ക്രിസ്റ്റ്യാനോ!
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പെലെ വിട പറഞ്ഞത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അഗാധമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.82 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ കുറെ ദിവസങ്ങളായി സാവപോളോയിലെ ഹോസ്പിറ്റലിൽ ക്യാൻസറിനോട് പോരാടുകയായിരുന്നു അദ്ദേഹം. ഒടുവിൽ ഇന്നലെ അദ്ദേഹം ലോകത്തോട് വിട പറയുകയായിരുന്നു.
ഈ ഫുട്ബോൾ ഇതിഹാസത്തിന് ലോകം ഒന്നടങ്കം ഇപ്പോൾ അനുശോചനമറിയിക്കുന്നുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പെലെക്ക് നിര്യാണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. നിത്യശാന്തി നേരുന്നു പെലെ എന്നാണ് ലയണൽ മെസ്സി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുള്ളത്.പെലെക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും മെസ്സി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപാട് കാര്യങ്ങൾ പെലെയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
A mensagem de Cristiano Ronaldo para Pelé 🤍 pic.twitter.com/EpPIFTx4bt
— B24 (@B24PT) December 29, 2022
” എല്ലാ ബ്രസീലുകാർക്കും, പ്രത്യേകിച്ച് പെലെയുടെ കുടുംബത്തിനും എന്റെ അഗാധമായ അനുശോചനം ഞാൻ അറിയിക്കുന്നു. നിലവിൽ ഫുട്ബോൾ ലോകം അനുഭവിക്കുന്നത് വലിയ ഒരു വേദനയാണ്. ആ വേദന പ്രകടിപ്പിക്കാൻ വിട എന്ന വാക്കു മാത്രം മതിയാവില്ല. മില്യൺ കണക്കിന് ആളുകൾക്ക് പ്രചോദനമായ വ്യക്തിയാണ് പെലെ. ഇന്നലെയും ഇന്നും എന്നും പെലെ ഒരു റഫറൻസ് ആണ്. നിങ്ങൾ എന്നോട് കാണിച്ച സ്നേഹം ദൂരെന്ന് നിന്ന് പോലും ഞാൻ ആസ്വദിച്ചിരുന്നു. ഫുട്ബോൾ പ്രേമികളായ നമ്മൾക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ല.അദ്ദേഹത്തിന്റെ ഓർമ്മ എല്ലാകാലവും നിലനിൽക്കും.പെലെയെന്ന ഫുട്ബോൾ രാജാവേ.. നിങ്ങൾ സമാധാനത്തിൽ വിശ്രമിക്കൂ ” ഇതാണ് റൊണാൾഡോ കുറിച്ചിട്ടുള്ളത്.
ഏതായാലും ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ പെലെയുടെ വിടവാങ്ങലിൽ അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഫുട്ബോൾ എന്ന കായിക വിനോദത്തിന് ലോകത്ത് ഇത്രയും വലിയ രൂപത്തിൽ ജനപ്രീതി ലഭിക്കുന്നതിൽ പെലെ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്.