കാലിന് ഇൻഫെക്ഷൻ, ക്രിസ്റ്റ്യാനോക്ക് നേഷൻസ് ലീഗ് നഷ്ടമാവാൻ സാധ്യത !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ വിഷമത്തിലാഴ്ത്തുന്ന ഒരു വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ നൂറാം അന്താരാഷ്ട്ര ഗോളിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്ന ആരാധകരുടെ കാത്തിരിപ്പിന്റെ നീളം വർധിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. സുപ്പർ താരത്തിന് കാലിൽ ഇൻഫെക്ഷൻ ഏറ്റിട്ടുണ്ടെന്നും അതിനാൽ തന്നെ യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന്റെ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വലതു കാലിലെ ഇൻഫെക്ഷൻ മൂലം വ്യാഴാഴ്ച്ച താരം പരിശീലനത്തിന് എത്തിയില്ല എന്നുള്ള കാര്യം പോർച്ചുഗൽ എഫ്എ തന്നെയാണ് സ്ഥിരീകരിച്ചത്. എന്നാൽ മത്സരങ്ങൾ നഷ്ടമാവുന്ന കാര്യം എഫ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മറിച്ച് താരത്തിന്റെ പരിക്കിന്റെ സ്ഥിതിഗതികൾ ദിവസേന പരിശോധിച്ചതിന് ശേഷം അറിയിക്കും എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പ്രമുഖമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ താരത്തിന് ആദ്യ മത്സരം നഷ്ടമാവുമെന്നാണ് അറിയാൻ കഴിയുന്നത്.

ക്രോയേഷ്യ, സ്വീഡൻ എന്നിവർക്കെതിരെയാണ് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗിൽ കളിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ ആറാം തിയ്യതി ക്രോയേഷ്യക്കെതിരെയും ഒമ്പതാം തിയ്യതി സ്വീഡനുമെതിരെയാണ് മത്സരം നടക്കുക. നിലവിൽ പോർച്ചുഗലിന് വേണ്ടി 99 ഗോളുകൾ നേടികൊണ്ട് മറ്റൊരു നാഴികകല്ലിന്റെ തൊട്ടടുത്താണ് റൊണാൾഡോ. കഴിഞ്ഞ നവംബറിൽ ലക്‌സംബർഗിനെതിരെ താരം തന്റെ 99-ആം ഗോൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ നൂറാം ഗോളിന് വേണ്ടി കാത്തിരിപ്പിലായിരുന്നു. അതേ സമയം താരത്തിന്റെ പരിക്ക് വിവരങ്ങൾ യുവന്റസ് പോർച്ചുഗീസ് അധികൃതരുമായി വിളിച്ചു അന്വേഷിച്ചിട്ടുണ്ട്. 35-കാരനായ താരം സെപ്റ്റംബർ ഇരുപതിന് യുവന്റസിനൊപ്പം പുതിയ സീസണിനുള്ള ഒരുക്കത്തിലാണ്. താരം എത്രയും പെട്ടന്ന് തന്നെ കളത്തിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആൻഡ്രേ പിർലോ. ഏതായാലും വരും ദിവസങ്ങളിൽ താരത്തിന്റെ പരിക്കിന്റെ കൂടുതൽ വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *