എന്റെ കൈകൾ വിറക്കുകയായിരുന്നു : ലയണൽ മെസ്സിയെ കുറിച്ച് മാക്ക് ആല്ലിസ്റ്റർ പറയുന്നു.
ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് അലക്സിസ് മാക്ക് ആല്ലിസ്റ്റർ. തുടക്കത്തിൽ തനിക്ക് പരിശീലകനായ സ്കലോണി നൽകിയ അവസരം കൃത്യമായി മുതലെടുക്കാൻ ഈ താരത്തിന് കഴിഞ്ഞു. വേൾഡ് കപ്പിൽ രണ്ട് ഗോളുകളിൽ അദ്ദേഹം പങ്കാളിത്തം വഹിച്ചിട്ടുണ്ട്. മാത്രമല്ല തകർപ്പൻ പ്രകടനമായിരുന്നു ടൂർണമെന്റിൽ ഉടനീളം ഈ ബ്രയിറ്റൺ താരം പുറത്തെടുത്തിരുന്നത്.
ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് നേരത്തെ മാക്ക് ആലിസ്റ്റർ പറഞ്ഞ ചില കാര്യങ്ങൾ ഗോൾ ഡോട്ട് കോം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലയണൽ മെസ്സിയെ ആദ്യമായി കണ്ടുമുട്ടിയ അനുഭവങ്ങളായിരുന്നു മാക്ക് ആല്ലിസ്റ്റർ പറഞ്ഞിരുന്നത്. അതായത് താൻ വളരെയധികം ലജ്ജയുള്ള ഒരു വ്യക്തിയാണെന്നും മെസ്സിയെ പരിചയപ്പെടാൻ പോയ സമയത്ത് തന്നെ കൈകൾ വിറക്കുകയായിരുന്നു എന്നുമാണ് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്. എന്നാൽ മെസ്സിയെ പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം എത്രത്തോളം സിമ്പിൾ ആയ വ്യക്തിയാണെന്ന് മനസ്സിലായതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മാക്ക് ആല്ലിസ്റ്ററുടെ വാക്കുകൾ ഇങ്ങനെയാണ്.
Alexis Mac Allister when he first met Lionel Messi. pic.twitter.com/7LxHXHF5UA
— Frank Khalid (@FrankKhalidUK) December 16, 2022
” എനിക്ക് വളരെയധികം പേടിയുണ്ടായിരുന്നു.എന്റെ കൈകൾ ആ സമയത്ത് വിറക്കുകയായിരുന്നു.ഞാൻ വളരെയധികം ലജ്ജയുള്ള ഒരു വ്യക്തിയാണ്.അതുകൊണ്ടുതന്നെ എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എത്ര സിമ്പിളായ വ്യക്തിയാണ് എന്നുള്ളത് ഞാൻ മനസ്സിലാക്കി കഴിഞ്ഞു.ഞാൻ ബൊക്കയിൽ കളിക്കുന്ന സമയമായിരുന്നു അത്. ലയണൽ മെസ്സി ഡിന്നർ കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞാൻ അദ്ദേഹത്തിന്റെ ടേബിളിന്റെ അടുത്തേക്ക് പോവുകയും ഹെലോ പറയുകയും ചെയ്തു. പേടികൊണ്ട് ഞാൻ വിയർക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷമായിരുന്നു അത്. ഞാൻ ആരാധിക്കുന്ന താരമാണ് മെസ്സി.ലോകത്തിലെ ഏറ്റവും മികച്ച താരം കൂടിയാണ് അദ്ദേഹം ” ഇതാണ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.
വേൾഡ് കപ്പ് അവസാനിച്ചതോടെ കൂടി ഈ താരത്തിന്റെ മൂല്യം ഇപ്പോൾ വലിയ രൂപത്തിൽ ഉയർന്നിട്ടുണ്ട്. ചെൽസി,ആഴ്സണൽ,അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ഇപ്പോൾ രംഗത്തുണ്ട്.