ജന്മദിനത്തിൽ ബാഴ്സക്കെതിരെയുള്ള മത്സരത്തിനിടെ തോമസ് മുള്ളറുടെ വീട് കൊള്ളയടിക്കപ്പെട്ടു!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ ബാഴ്സയെ പരാജയപ്പെടുത്താൻ വമ്പൻമാരായ ബയേണിന് സാധിച്ചിരുന്നു. സ്വന്തം മൈതാനമായ അലിയൻസ് അരീനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബയേൺ വിജയിച്ചത്.ലുകാസ് ഹെർണാണ്ടസ്,ലിറോയ് സാനെ എന്നിവരായിരുന്നു ഗോളുകൾ നേടിയത്.

ഈ മത്സരത്തിൽ ബയേണിന് വേണ്ടി സൂപ്പർതാരം തോമസ് മുള്ളർ കളിച്ചിരുന്നു. മാത്രമല്ല താരത്തിന്റെ 33ആം ജന്മദിനവുമായിരുന്നു കഴിഞ്ഞ ദിവസം.എന്നാൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ മുള്ളറുമായി ബന്ധപ്പെട്ട് പുറത്തേക്ക് വന്നിട്ടുള്ളത്. ബാഴ്സക്കെതിരെയുള്ള മത്സരം നടക്കുന്ന സമയത്ത് മുള്ളറുടെ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ജർമൻ മാധ്യമമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മ്യൂണിച്ചിൽ തന്നെയാണ് താരത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. രാത്രി 10 മണിക്കാണ് ഈ മോഷണം നടന്നിട്ടുള്ളത് എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഏകദേശം അര മില്യൺ ഡോളറോളം വില വരുന്ന സാധനസാമഗ്രികൾ മോഷണം പോയിട്ടുണ്ട്.പണം,ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നുള്ളതും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫുട്ബോൾ ലോകത്ത് ഈ സീസണിൽ മോഷണക്കഥകൾ ഇതാദ്യമായെന്നുമല്ല. ബാഴ്സയുടെ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കി ഈയിടെ മോഷണത്തിന് ഇരയായിരുന്നു. താരത്തിന്റെ വിലപിടിപ്പുള്ള വാച്ച് ആയിരുന്നു കാറിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. മറ്റൊരു ബാഴ്സ സൂപ്പർതാരമായിരുന്ന ഓബമയാങ്ങിന്റെ വീടും കൊള്ളയടിക്കപ്പെട്ടിരുന്നു.താരത്തെയും കുടുംബത്തെയും ബന്ദിയാക്കി കൊണ്ടായിരുന്നു മോഷണം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുള്ളറുടെ വീട്ടിലെ മോഷണ വിവരവും പുറത്തേക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!