ബാഴ്സയിലേക്ക് തന്നെ തിരികെ പോവുമെന്ന് ഫിലിപ്പെ കൂട്ടീഞ്ഞോ !

തന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ആരാധകർക്ക് നൽകി സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയെ കീഴടക്കി കിരീടം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് കൂട്ടീഞ്ഞോ തന്റെ ഭാവി പദ്ധതികളെ പറ്റി തുറന്നു പറഞ്ഞത്. മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാൻ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്നും താൻ ബാഴ്സയിലേക്ക് തന്നെ തിരികെ പോവുമെന്നും അദ്ദേഹം അറിയിച്ചു. താരത്തെ ആഴ്‌സണലുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷമായിരുന്നു കൂട്ടീഞ്ഞോ ലോണിൽ ബാഴ്സയിൽ നിന്ന് ബയേണിലേക്ക് എത്തിയത്. ബയേണിന് വേണ്ടി ഈ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇന്നലത്തെ ഫൈനലിലും പകരക്കാരന്റെ രൂപത്തിൽ കളിക്കാൻ കൂട്ടീഞ്ഞോക്ക് കഴിഞ്ഞു. എന്നാൽ തിരികെ ബാഴ്സയിലേക്ക് തന്നെ മടങ്ങാനാണ് കൂട്ടീഞ്ഞോയുടെ ആഗ്രഹം. ബാഴ്സക്കെതിരെ ക്വാർട്ടറിൽ രണ്ട് ഗോളും ഒരു അസിസ്റ്റും താരത്തിന്റെ വകയായിരുന്നു.

“തീർച്ചയായും ഞാൻ ബാഴ്സലോണയിലേക്ക് തന്നെയാണ് മടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഇതിനെ പറ്റി കൂടുതലൊന്നും തന്നെ ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എനിക്കിപ്പോൾ പറയാനുള്ളത് എന്തെന്ന് വെച്ചാൽ, എനിക്ക് കഠിനാദ്ധ്യാനം ചെയ്തു മറ്റൊരു മഹത്തായ വർഷം കൂടി സൃഷ്ടിച്ചെടുക്കണം. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കികാണേണ്ടിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾക്കിത് നല്ലൊരു സീസണായിരുന്നു. ഈ കിരീടം ഞങ്ങൾ അർഹിച്ചതാണ്. അക്കാര്യത്തിൽ സന്തോഷവാൻമാരുമാണ്. വിവരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സന്ദർഭമാണിത്. ഈ ദിവസം ശരിക്കും ഞാൻ ആസ്വദിച്ചു കഴിഞ്ഞു ” കൂട്ടീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *