ഷാൽക്കെയെ തച്ചുതകർത്ത് ബൊറൂസിയ മുന്നോട്ട്
അറുപത്തിനാല് ദിവസങ്ങൾക്ക് ശേഷം ഫുട്ബോൾ തിരിച്ചെത്തിയ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്ക് എതിരാളികളായ ഷാൽക്കെയെ തകർത്തുകൊണ്ടാണ് ബൊറൂസിയ തിരിച്ചു വരവ് ആഘോഷിച്ചത്. ആളും ആരവുമൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ ആദ്യപകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ രണ്ടും ഗോൾ വീതം നേടിയാണ് ബൊറൂസിയ ആധികാരിക ജയം ഉറപ്പാക്കിയത്. മത്സരത്തിന്റെ ഇരുപത്തിയൊൻപതാം മിനുട്ടിൽ യുവസൂപ്പർ താരം ഹാലണ്ടാണ് ആദ്യനിറയൊഴിച്ചത്. ആദ്യപകുതിക്ക് തൊട്ട് മുൻപ് ഗ്വറയ്റോ രണ്ടാം ഗോളും നേടി. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റിനകം തോർഗൻ ഹസാർഡ് ഡോർട്മുണ്ടിന്റെ ലീഡ് ഉയർത്തി. അറുപത്തിമൂന്നാം മിനുട്ടിൽ ഗ്വറെയ്റോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഡോർട്മുണ്ടിന്റെ ഗോൾപട്ടിക പൂർത്തിയായി. ജൂലിയൻ ബ്രാണ്ടറ്റ് രണ്ട് അസിസ്റ്റുകൾ നേടിയപ്പോൾ ഹസാർഡ്, ഹാലണ്ട് എന്നിവർ ഓരോ അസിസ്റ്റ് വീതം നേടി.
ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയരാനും ബൊറൂസിയക്ക് സാധിച്ചു. നിലവിൽ 26 മത്സരങ്ങളിൽ നിന്ന് 16 ജയവുമായി 54 പോയിന്റോടെ രണ്ടാമതാണ് ഡോർട്മുണ്ട്. ഒരു മത്സരം കുറച്ചു കളിച്ച് 55 പോയിന്റുള്ള ബയേൺ ആണ് ഒന്നാമത്. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ഓഗ്സ്ബർഗ് 2-1 ന് വോൾഫ്സ്ബർഗിനെ തോൽപിച്ചു. ഹെർത്ത ബെർലിൻ എതിരില്ലാത്ത മൂന്ന് ഗോളിന് ഹോഫൻഹെയിമിനെ തറപറ്റിച്ചപ്പോൾ ഡുസെൽഡോർഫ് vs പാടെബോൺ മത്സരം ഗോൾരഹിത സമനില കലാശിച്ചു. ലെയ്പ്സിഗും ഫ്രീബർഗും തമ്മിലുള്ള മത്സരം 1-1 ന് സമനിലയിൽ പിരിഞ്ഞു.