പരിശീലനം ആരംഭിക്കാൻ ബയേൺ മ്യൂണിക്ക്

കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കെ പരിശീലനം ആരംഭിക്കാൻ തീരുമാനമെടുത്ത് ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്ക്. ക്ലബ്‌ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ ആറ് തിങ്കളാഴ്ച്ച, അതായത് ഇന്ന് മുതൽ തങ്ങൾ പരിശീലനം ആരംഭിക്കുമെന്ന് ബയേൺ അറിയിച്ചിട്ടുണ്ട്. എന്നാൽ ചെറിയ ചെറിയ സംഘങ്ങൾ ആയിട്ടായിരിക്കും പരിശീലനം ആരംഭിക്കുകയെന്നും ഗവണ്മെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും ക്ലബ്‌ അക്ഷരംപ്രതി പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ബയേൺ ഇതറിയിച്ചത്.

താരങ്ങൾ എല്ലാം തന്നെ കടുത്ത നിയന്ത്രണത്തിലും നിരീക്ഷത്തിലുമായിരിക്കുമെന്നും കാണികളെ ഒരു കാരണവശാലും പരിശീലനസ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ബയേൺ അറിയിച്ചിട്ടുണ്ട്. കാണികളോട് പരിശീലനസ്ഥലത്തേക്ക് വരരുതെന്നും ക്ലബ്‌ അഭ്യർത്ഥിച്ചിട്ടുണ്ട്. മാർച്ച്‌ പതിമൂന്നു മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു ആദ്യം ബുണ്ടസ്ലിഗ മാറ്റിവെച്ചിരുന്നത്. എന്നാൽ പിന്നീട് സ്ഥിതിഗതികൾ ഗുരുതരമായതോടെ ഏപ്രിൽ മുപ്പത് വരെ നീട്ടിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *