ഗോളടിച്ച് മത്സരിച്ച് ഹാലന്റും ലെവന്റോസ്ക്കിയും, ബൊറൂസിയക്കും ബയേണിന് ജയം

ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറൂസിയ കരുത്തരായ ആർബി ലെയ്‌പ്‌സിസിഗിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ഹാലണ്ട് ആണ് ബൊറൂസിയയുടെ വിജയശില്പി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ബൊറൂസിയ ഒട്ടേറെ മികച്ച ഗോളവസരങ്ങളാണ് പാഴാക്കിയത്. ചുരുങ്ങിയ നാല് ഗോളെങ്കിലും നേടാനുള്ള അവസരങ്ങൾ ഹാലണ്ട് തന്നെ കളഞ്ഞു കുളിച്ചിരുന്നു. ലെയ്‌പ്‌സിഗ് ഗോൾകീപ്പർ പീറ്ററിന്റെ മികച്ച പ്രകടനവും അവർക്ക് തുണയായി. മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് ഹാലണ്ട് ആദ്യഗോൾ നേടുന്നത്. ജിയോവാനി റെയ്‌നയുടെ പാസിൽ നിന്നായിരുന്നു ആദ്യഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഹാലണ്ട് ഇരട്ടഗോൾ തികച്ചു. ജൂലിയൻ ബ്രാണ്ടറ്റിന്റെ ക്ലോസ് റേഞ്ച് ക്രോസ് ഒരു ടാപ് ഇന്നിലൂടെ താരം വലകുലുക്കുകയായിരുന്നു. ഇതോടെ മൂന്നാം സ്ഥാനക്കാരെ തോൽപിച്ച് രണ്ടാം സ്ഥാനം ഭദ്രമാക്കാനും ബൊറൂസിയക്ക് കഴിഞ്ഞു.

അതേ സമയം ബുണ്ടസ്‌ലിഗയിൽ നടന്ന മറ്റൊരു മത്സരത്തിൽ ചാമ്പ്യന്മാരായ ബയേണിന് ഉജ്ജ്വലജയം. ഫ്രീബർഗിനെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബയേൺ തറപറ്റിച്ചത്. ഇരട്ടഗോളുകൾ നേടിയ ലെവന്റോസ്കി തന്നെയാണ് ബയേണിന്റെ ഹീറോ. ഈ സീസണിലെ കിരീടം ഉറപ്പിച്ചതിന് ശേഷവും മികച്ച താരനിരയുമായി തന്നെയാണ് ബയേൺ കളത്തിലിറങ്ങിയത്. പതിനഞ്ചാം മിനുട്ടിൽ ലെവന്റോസ്‌കിയുടെ പാസിൽ നിന്ന് കിമ്മിച്ചാണ് ആദ്യഗോൾ നേടിയത്. വൈകാതെ ഇരുപത്തിനാലാം മിനിറ്റിൽ ലെവന്റോസ്കിയുടെ ആദ്യഗോൾ വന്നു. ഒരു ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്. മുപ്പത്തിമൂന്നാം മിനുട്ടിൽ ലൂക്കാസ് ഹോലെർ ഒരു ഗോൾ മടക്കിയെങ്കിലും ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. 37-ആം മിനുട്ടിൽ വീണ്ടും ലെവന്റോസ്കി ഗോൾ കണ്ടെത്തി. ലൂക്കാസ് ഹെർണാണ്ടസ് ആയിരുന്നു പാസ്സ് നൽകിയത്. ജയത്തോടെ ബയേണിന്റെ പോയിന്റ് സമ്പാദ്യം 79 ആയി.

Leave a Reply

Your email address will not be published. Required fields are marked *