വേൾഡ് കപ്പ് ഫൈനലിനേക്കാൾ ഞാൻ ആസ്വദിച്ചു : അർജന്റീന പരിശീലകൻ സ്കലോണി പറയുന്നു.

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കുറസാവോയെ അർജന്റീന പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി തിളങ്ങിയത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ഇനി അടുത്ത ജൂൺ മാസത്തിലാണ് അർജന്റീന കളത്തിലേക്ക് ഇറങ്ങുക.

ഈ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ പനാമക്കെതിരെയുള്ള മത്സരത്തിനു ശേഷം സംഘടിപ്പിച്ച സെലിബ്രേഷനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നിട്ടുണ്ട്. വേൾഡ് കപ്പ് ഫൈനലിൽ വിജയിച്ചുകൊണ്ട് കിരീടം നേടിയ ആ നിമിഷത്തേക്കാൾ കൂടുതൽ താൻ ഈ സെലിബ്രേഷനുകൾ ആസ്വദിച്ചു എന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ ആഴ്ച വളരെയധികം ഇമോഷണൽ ആയ ഒരു ആഴ്ചയാണ്. ലയണൽ മെസ്സിക്ക് ഉള്ള അംഗീകാരവും ബാക്കിയുള്ള സെലിബ്രേഷനുകളും വളരെ മികച്ചതായിരുന്നു.ഏതെങ്കിലും ഒരു നിമിഷത്തെ എന്നോട് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ,മോനുമെന്റൽ സ്റ്റേഡിയത്തിലേക്ക് അർജന്റീന താരങ്ങൾ വരുമ്പോൾ ആരാധകർ എല്ലാവരും ഒന്നിച്ച് മുച്ചാച്ചോസ് പാടിയ ആ നിമിഷമായിരുന്നു ഏറ്റവും മനോഹരം. ഞങ്ങൾ നേടിയതിന്റെ വില എത്രത്തോളമാണ് എന്നുള്ളത് ആരാധകരാണ് ഞങ്ങൾക്ക് മനസ്സിലാക്കി തന്നത്. ആരാധകരുടെ ആർപ്പുവിളികളും ഞങ്ങളുടെ താരങ്ങളുടെ സന്തോഷ കണ്ണീരുകളും ഈ ആഴ്ചയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു.ഒരുപക്ഷേ വേൾഡ് കപ്പ് ഫൈനലിനേക്കാൾ കൂടുതൽ ഞാൻ ആസ്വദിച്ചത് ഈ സെലിബ്രേഷനുകളായിരുന്നു “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിന് ശേഷവും മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അർജന്റീന നേടിയത്.ഇനി അടുത്ത ജൂൺ മാസത്തിൽ ഏഷ്യൻ പര്യടനമായിരിക്കും അർജന്റീന നടത്തുക എന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *