50-ന്റെ നിറവിൽ, ലോകകപ്പ് സ്വപ്നം കണ്ട് ആലിസൺ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീലിന്റെ ഗോൾ വല കാത്തത് ആലിസൺ ബക്കറായിരുന്നു. ഇതോട് കൂടി ബ്രസീലിയൻ ജേഴ്സിയിൽ 50 മത്സരങ്ങൾ പൂർത്തിയാക്കാൻ ആലിസണ് കഴിഞ്ഞിരുന്നു.2015 മുതൽ ബ്രസീലിന്റെ വല കാക്കാൻ തുടങ്ങിയ ആലിസൺ പിന്നീട് സ്ഥിരസാന്നിധ്യമാവുകയായിരുന്നു.

ഏതായാലും ഈയൊരു നേട്ടത്തിൽ ആലിസൺ ബക്കർ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും അൻപതിൽ പരം മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലോകകപ്പ് കിരീടമാണ് തന്റെ സ്വപ്നമെന്നും ആലിസൺ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഗ്ലോബോ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഈയൊരു നമ്പർ വളരെയധികം സ്പെഷ്യലാണ്.നാഷണൽ ടീമിനോടൊപ്പമുള്ള ഓരോ മത്സരവും സ്പെഷ്യലാണ്.ഇപ്പോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഞങ്ങൾ കളിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഇതും വളരെ പ്രധാനപ്പെട്ടതാണ്.ഞാൻ ദൈവത്തിനോട് നന്ദിയുള്ളവനായിരിക്കും.കൂടാതെ എന്റെ സഹതാരങ്ങളോടും കോച്ചിംഗ് സ്റ്റാഫിനോടും കുടുംബത്തിനോടും എന്റെ നന്ദി അറിയിക്കുന്നു.ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവർക്ക് സ്വപ്നങ്ങളുണ്ടാവും.വലിയ വലിയ ലക്ഷ്യങ്ങളെ കുറിച്ച് ഞാൻ എന്റെ പിതാവിൽ നിന്നാണ് പഠിക്കാറുള്ളത്.വേൾഡ് കപ്പിൽ മുത്തമിടുക എന്നുള്ളത് എന്റെ സ്വപ്നവും ലക്ഷ്യവുമാണ്.കിരീടങ്ങൾ നേടുക എന്നുള്ളത് തന്നെയാണ് എന്റെ ലക്ഷ്യങ്ങൾ.കൂടാതെ ചെറിയ ചെറിയ സ്വപ്നങ്ങളും ഞങ്ങളെ നയിക്കാനുണ്ട്.പക്ഷേ വലിയ ദൂരം ഞങ്ങൾക്ക്‌ സഞ്ചരിക്കാനുണ്ട്.ഞാനെപ്പോഴും ടീമിന് എന്റെ ബെസ്റ്റ് പ്രകടനം നൽകാനാണ് ശ്രമിക്കാറുള്ളത്. ഇനിയും അൻപത് മത്സരങ്ങൾ കൂടി ബ്രസീലിനായി കളിക്കാൻ ആഗ്രഹിക്കുന്നു ” ആലിസൺ പറഞ്ഞു.

ഇനി അർജന്റീനക്കെതിരെയാണ് ബ്രസീൽ അടുത്ത മത്സരം കളിക്കുക.ഈ മത്സരത്തിൽ ആലിസൺ ബ്രസീലിന്റെ വല കാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!