ആ സൂപ്പർ താരത്തെ കൊണ്ടു വരൂ : പിഎസ്ജിയോട് നെയ്മർ?

ഈയിടെ എഫ്സി ബാഴ്സലോണയിൽ നിന്നും ഒരുപിടി താരങ്ങളെ കരസ്ഥമാക്കിയിട്ടുള്ള ക്ലബാണ് പിഎസ്ജി.മാക്സ്വെൽ, നെയ്മർ ജൂനിയർ, റഫീഞ്ഞ എന്നിവർക്ക് പുറമേ ലയണൽ മെസ്സിയും ബാഴ്‌സയിൽ നിന്നെത്തിയ പിഎസ്ജി താരമാണ്.കൂടാതെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റാവുന്ന ഫ്രഞ്ച് സൂപ്പർ താരം ഡെംബലെയിലും പിഎസ്ജി തങ്ങളുടെ താല്പര്യങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജിയോട് നിർദേശിച്ചിരിക്കുന്നത് മറ്റൊരു ബാഴ്‌സ താരത്തെ സ്വന്തമാക്കാനാണ്. ഈ ജനുവരിയിൽ ക്ലബ് വിടാനൊരുങ്ങി നിൽക്കുന്ന ഫിലിപ്പെ കൂട്ടീഞ്ഞോയെ പിഎസ്ജിയിൽ എത്തിക്കാനാണ് നെയ്മർക്കിപ്പോൾ താല്പര്യം. ബ്രസീലിയൻ ടീമിലെ സഹതാരങ്ങളാണ് നെയ്മറും കൂട്ടീഞ്ഞോയും. പ്രമുഖ മാധ്യമമായ എൽ നാസിയോണലാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നെയ്മർ ജൂനിയർക്കും മാർക്കിഞ്ഞോസിനും കൂട്ടീഞ്ഞോയെ പിഎസ്ജിയിലെത്തിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇവിടെ സമ്മതം മൂളേണ്ടത് പരിശീലകനായ പോച്ചെട്ടിനോയാണ്.പക്ഷേ പോച്ചെട്ടിനോ തന്നെ പിഎസ്ജി വിടാൻ ആലോചിക്കുന്നു എന്നുള്ള റൂമറുകളൊക്കെ സജീവമാണ്. അത്കൊണ്ട് തന്നെ നിലവിൽ പോച്ചെട്ടിനോ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാൻ സാധ്യത കുറവാണ്.

ബാഴ്‌സയിൽ എത്തിയിട്ട് കൂട്ടീഞ്ഞോ നാല് വർഷങ്ങൾ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ താരത്തിന് ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ക്ലബ്ബിന്റെ വെയ്ജ് ബിൽ കുറക്കേണ്ടത് ബാഴ്‌സക്ക് അത്യാവശ്യമാണ്. അത്കൊണ്ട് തന്നെ താരത്തെ ഒഴിവാക്കാൻ ബാഴ്‌സ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *