ഈ വർഷം ആര് മുന്നിലെത്തും? ഗോൾ മെഷീനുകൾ തമ്മിൽ കടുത്ത പോരാട്ടം!

ഈ വർഷം അവസാനിക്കാൻ ഇനി മൂന്നരമാസമാണ് ശേഷിക്കുന്നത്. 2021ലെ ഗോളടി വീരനാവാൻ ഗോൾ മെഷീനുകൾ തമ്മിൽ ഇപ്പോഴും കടുത്ത പോരാട്ടത്തിലാണ്. ബയേൺ മ്യൂണിക്കിൻ്റെ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവെൻ്റോസ്കി, ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ യുവതാരം ഏർളിംഗ് ഹാലൻ്റ്, PSGയുടെ ഫ്രഞ്ച് യുവസൂപ്പർ താരം കിലിയൻ എംബപ്പേ, PSGയുടെ അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ ഗോൾ മെഷീനുകളാണ് ഈ പോരാട്ടത്തിൽ മുന്നിലുള്ളത്!

ഈ വർഷം ക്ലബ്ബിനും ദേശീയ ടീമിനുമായി ഇവർ നേടിയ ഗോളുകൾ:
1) റോബെർട്ട് ലെവെൻ്റോസ്കി – 45 ഗോളുകൾ
2) ഏർളിംഗ് ഹാലൻ്റ് – 38 ഗോളുകൾ
3) ലയണൽ മെസ്സി – 36 ഗോളുകൾ
4) കിലിയൻ എംബപ്പേ – 33 ഗോളുകൾ
5) ക്രിസ്റ്റ്യാനോ റൊണാൾഡോ – 31 ഗോളുകൾ

ഇവരിൽ മെസ്സിയും ക്രിസ്റ്റ്യാനോയും ഈ സമ്മർ ട്രാൻസ്ഫർ വിൻ്റോയിൽ ക്ലബ്ബ് മാറിയവരാണ്. യുവെൻ്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ ക്രിസ്റ്റ്യാനോ തൻ്റെ ആദ്യ മാച്ചിൽ തന്നെ യുണൈറ്റഡിനായി ഇരട്ട ഗോളുകൾ നേടി വരവറിയിച്ച് കഴിഞ്ഞു. അതേസമയം എഫ്സി ബാഴ്സലോണയിൽ നിന്നും PSGയിലേക്കെത്തിയ ലയണൽ മെസ്സിയുടെ ഫ്രഞ്ച് ക്ലബ്ബിനായുള്ള ആദ്യ ഗോൾ കാത്തിരിക്കുകയാണ് PSG ആരാധകർ. എന്തായാലും ഈ വർഷത്തെ ശേഷിക്കുന്ന മത്സരങ്ങളിലും ഈ അഞ്ച് പേരും ഗോളടി തുടരുമെന്ന വിശ്വാസത്തിലാണ് ഫുട്ബോൾ ലോകം. വർഷവസാനം ആരായിരിക്കും ഈ പട്ടികയിൽ ഒന്നാമതെത്തുക എന്നത് ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *