റൂമർ : ഡിബാല ലാലിഗയിലേക്ക്!

ഈ സീസണിൽ വേണ്ടത്ര തിളങ്ങാൻ സൂപ്പർ താരം പൌലോ ഡിബാലക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല പലപ്പോഴും താരം പരിക്കിന്റെ പിടിയിലുമായിരുന്നു. അത്കൊണ്ടൊക്കെ തന്നെയും വരുന്ന ജൂണിൽ നടക്കുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലേക്ക് പരിശീലകൻ സ്കലോണി ഡിബാലയെ പരിഗണിച്ചിരുന്നില്ല. മാത്രമല്ല താരം യുവന്റസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു റൂമർ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അർജന്റൈൻ മാധ്യമമായ ടിഎൻടി സ്പോർട്സ്. ഡിബാലയെ ലാലിഗ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് ടീമിലെത്തിക്കാൻ താല്പര്യമുണ്ട് എന്നാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അത്ലറ്റിക്കോയുടെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിക്ക് താല്പര്യമുള്ള താരമാണ് ഡിബാല. നിലവിൽ മറ്റൊരു അർജന്റൈൻ താരമായ കൊറേയ മിന്നുന്ന പ്രകടനമാണ് അത്ലറ്റിക്കോയിൽ കാഴ്ച്ചവെക്കുന്നത്. ഡിബാലയെ എത്തിക്കാൻ കഴിഞ്ഞാൽ അത്‌ മുതൽകൂട്ടാവുമെന്നാണ് സിമയോണി പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റൊരു ഓപ്ഷൻ കൂടി അത്ലറ്റിക്കോ പരിഗണിക്കുന്നുണ്ട്. നിലവിൽ അത്ലറ്റിക്കോയുടെ സ്‌ട്രൈക്കറായ മൊറാറ്റ ലോണിൽ യുവന്റസിലാണ് കളിക്കുന്നത്. ഈ സീസണോട് കൂടി ലോൺ കാലാവധി അവസാനിച്ചു. ഇനി ലോൺ നീട്ടണമെങ്കിൽ 10 മില്യൻ യൂറോ യുവന്റസ് അത്ലറ്റിക്കോക്ക് നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ യുവന്റസ് തീരുമാനം കൈകൊണ്ടിട്ടില്ലെങ്കിലും മൊറാറ്റക്ക് യുവന്റസിൽ തുടരാനാണ് താല്പര്യം. അത്കൊണ്ട് തന്നെ ഡിബാല-മൊറാറ്റ സ്വേപ് ഡീൽ നടത്താൻ അത്ലറ്റിക്കോ ശ്രമിച്ചേക്കും. ഡിബാലക്കും നിലവിൽ യുവന്റസ് വിടാൻ താല്പര്യമുണ്ട് എന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!