UCL: നാപ്പോളി കടന്നാലും ബാഴ്സക്ക് എളുപ്പമല്ല!

UEFA ചാമ്പ്യൻസ് ലീഗ് ക്വോർട്ടർ ഫൈനൽ – സെമി ഫൈനൽ ഫിക്സ്ചർ നിർണ്ണയം കഴിഞ്ഞപ്പോൾ FC ബാഴ്സലോണക്ക് കഠിന പരീക്ഷണമാണ് മുന്നിലുള്ളത്. പ്രീ ക്വോർട്ടറിൻ്റെ ആദ്യ ലെഗ്ഗിൽ നാപ്പോളിയോട് 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞ അവർക്ക് നാപ്പോളിയെ മറികടക്കാനായാലും ക്വോർട്ടറിൽ നേരിടേണ്ടത് ബയേൺ മ്യൂണിക്ക് vs ചെൽസി മത്സരത്തിലെ വിജയികളെയാണ്. ബാഴ്സയുടെ ഇത്തവണത്തെ കിരീട സാധ്യതകൾ ഒന്ന് വിലയിരുത്താം.

പ്രീ ക്വോർട്ടറിൻ്റെ ആദ്യ പാദത്തിൽ നേപ്പിൾസിൽ വെച്ച് 1 – 1 എന്ന നിലയിലാണ് ബാഴ്സയും നാപ്പോളിയും പിരിഞ്ഞത്. അതുകൊണ്ട് തന്നെ ഓഗസ്റ്റ് 8ന് ക്യാമ്പ് നൗവിൽ നടക്കുന്ന റിട്ടേൺ ലെഗ്ഗ് മത്സരത്തിനിറങ്ങുമ്പോൾ ബാഴ്സക്ക് എവേ ഗോളിൻ്റെ മുൻതൂക്കം ഉണ്ടാവും. നാപ്പോളി മോശം ടീമല്ലെങ്കിലും സ്വന്തം മൈതാനത്ത് ബാഴ്സ വിജയിച്ച് കയറുമെന്ന് തന്നെ പ്രതീക്ഷിക്കാം. അത് കഴിഞ്ഞാൽ ചാമ്പ്യൻസ് ലീഗിൻ്റെ മൂന്നാം ക്വോർട്ടർ ഫൈനലിൽ ഓഗസ്റ്റ് 14ന് ആണ് ബാഴ്സക്ക് കളി വരിക. ബയേൺ മ്യൂണിക്ക് vs ചെൽസി മത്സരത്തിലെ വിജയികളേയാണ് നേരിടേണ്ടത്. പ്രീ ക്വാർട്ടറിൻ്റെ ആദ്യപാദത്തിൽ ലണ്ടനിൽ വെച്ച് 3-0 എന്ന സ്കോറിനാണ് ബയേൺ ജയിച്ചത്. അതിനാൽ റിട്ടേൺ ലെഗ്ഗിൽ ശരാശരി പ്രകടനം നടത്തിയാൽ പോലും അവർ ക്വോർട്ടറിലെത്തും. ക്വോർട്ടറിൽ അവരെ പരാജയപ്പെടുത്തുക എന്നത് ബാഴ്സക്ക് ഒട്ടും എളുപ്പമാവില്ല. ബുണ്ടസ്ലിഗ കിരീടവും DFB പോകൽ കിരീടവും നേടി ഡൊമെസ്റ്റിക്ക് ഡെബിൾ നേടിയാണ് അവർ വരുന്നത്. ബാഴ്സ ഈ മത്സരം ജയിക്കാനുള്ള സാധ്യത 50% മാത്രമാണ്.

ബയേണിനെ മറികടക്കാനായാൽ ബാഴ്സലോണക്ക് കളിക്കേണ്ടി വരിക ഓഗസ്റ്റ് 18ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഒന്നാം സെമി ഫൈനലായിരിക്കും. യുവെൻ്റസ്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നീ ടീമുകളിൽ ഒന്നാവും അവിടെ അവരെ കാത്തിരിക്കുക. സിറ്റിയോ യുവെൻ്റസോ ആവാനാണ് കൂടുതൽ സാധ്യത. യുവെൻ്റസാണെങ്കിൽ ക്രിസ്റ്റ്യാനോയും മെസ്സിയും നേർക്കുനേർ വരുന്ന ഒരു കിടിലൻ മത്സരം ഫുട്ബോൾ പ്രേമികൾക്ക് കാണാനാവും. നിലവിലെ ഫോമിൽ ബാഴ്സക്ക് സെമി കടക്കുക എന്നത് എളുപ്പമല്ലെങ്കിലും മെസ്സിയുടെ ബലത്തിൽ അത് സാധിച്ചുകൂടായ്കയുമില്ല! അങ്ങനെ ഫൈനലിൽ എത്തിയാൽ അവിടെ അവർക്ക് നേരിടേണ്ടി വരിക PSGയെയോ അത്ലറ്റിക്കോ മാഡ്രിഡിനെയോ ആയിരിക്കും. അതു കൊണ്ട് തന്നെ ഇത്തവണ ബാഴ്സക്ക് UCL കിരീടം സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്ന് തന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *