റയൽ മാഡ്രിഡ് വലിയ ടീം,നെഗറ്റീവ് ആയ ഒന്നിനും തന്നെ അവരെ പരാജയപ്പെടുത്താൻ കഴിയില്ല:ക്ലോപ് വ്യക്തമാക്കുന്നു.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവാണ് ഈ മത്സരത്തിന് വേദിയാവുക. ആദ്യപാദത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയിച്ചതിനാൽ കാര്യങ്ങൾ പൂർണ്ണമായും അവർക്ക് അനുകൂലമാണ്.

എന്നാൽ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് സാധ്യതകളെ മുഴുവനായും തള്ളിക്കളഞ്ഞിട്ടില്ല. മത്സരത്തിൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നുള്ള കാര്യം ക്ലോപ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല റയൽ മാഡ്രിഡിനെ പ്രശംസിച്ചുകൊണ്ടും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.ക്ലോപിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക് ഈ മത്സരത്തിൽ സാധ്യതകളുണ്ട് എന്ന് ഞാൻ മാത്രമാണ് വിശ്വസിക്കുന്നതെങ്കിൽ പോലും എനിക്ക് പ്രശ്നമില്ല.ഞങ്ങൾ തിരിച്ചു വരാൻ ശ്രമിക്കും. ഞങ്ങൾ ഈ കോമ്പറ്റീഷനേയും ഞങ്ങളുടെ കളിയേയും ബഹുമാനിക്കുന്നു.ഞങ്ങൾക്ക് ഇനി ഒന്നും തന്നെ നഷ്ടപ്പെടാനില്ല, എന്തെങ്കിലും നഷ്ടപ്പെടാൻ ഉള്ളതിനേക്കാൾ നല്ലതാണ് ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥ. ഏറെക്കുറെ അസാധ്യമായ ഒരു അവസരം ലഭിച്ചത് ഞങ്ങൾക്ക് സന്തോഷമുണ്ട്.ഫുട്ബോളിൽ ഇങ്ങനെയൊക്കെയാണ്. തീർച്ചയായും അവരുടെ കൗണ്ടർ അറ്റാക്കുകളെ ഞങ്ങൾ ശ്രദ്ധിക്കണം. എന്നിരുന്നാലും എപ്പോഴും വിനീഷ്യസിനെ കൺട്രോൾ ചെയ്യാൻ പറ്റില്ല. ഏറ്റവും വലിയ പ്രശ്നം എന്നുള്ളത് അവരുടെ കൗണ്ടർ അറ്റാക്കുകൾ തന്നെയാണ്.മത്സരത്തിൽ ചോര ചിന്തും എന്നുള്ള കാര്യത്തിൽ പറഞ്ഞത് ശരിയാണ്. റയൽ മാഡ്രിഡ് ഒരു വലിയ ക്ലബ്ബാണ്. നെഗറ്റീവ് ആയ ഒരു കാര്യത്തിനും അവരെ തോൽപ്പിക്കാൻ സാധിക്കില്ല.തീർച്ചയായും ഞാൻ അവരെ ബഹുമാനിക്കുന്നു.പക്ഷേ കഴിഞ്ഞ മത്സരത്തിൽ നിന്നും ഞങ്ങൾ ഒരുപാട് പാഠങ്ങൾ പഠിച്ചിട്ടുണ്ട് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

നിലവിൽ മൂന്ന് ഗോളുകൾക്ക് പിറകിലാണ് ലിവർപൂൾ. ഈയൊരു സാഹചര്യത്തിൽ റയൽ മാഡ്രിഡിന്റെ മൈതാനത്ത് വച്ച് തിരിച്ചുവരിക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!