ചാമ്പ്യൻസ് ലീഗിലും നാണംകെട്ട തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്‌ !

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഇതത്ര നല്ല കാലമല്ല എന്ന് വ്യക്തമാണ്. ലാലിഗയിൽ ദുർബലരോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലും നാണംകെട്ട തോൽവിയേറ്റുവാങ്ങിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഗ്രൂപ്പ്‌ ബിയിൽ നടന്ന മത്സരത്തിൽ ഷക്തർ ഡോണെസ്‌ക്കാണ് റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ചത്. ആദ്യ പകുതിയിൽ തന്നെ സ്വന്തം മൈതാനത്ത് മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ട് റയൽ മാഡ്രിഡ്‌ നാണംകെട്ടിരുന്നു. എന്നാൽ തുടർന്ന് റയൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുവെങ്കിലും പിന്നീട് ഗോളുകൾ നേടാനാവാതെ പോയത് റയലിനെ തോൽവിയിലേക്ക് തള്ളിയിടുകയായിരുന്നു. പരിശീലകൻ സിദാൻ നടത്തിയ പരീക്ഷണങ്ങൾ എല്ലാം തന്നെ ഫലം കാണാനാവാതെ പോവുന്നതാണ് മത്സരത്തിൽ കാണാനായത്. ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ മോൺചെൻഗ്ലാഡ്ബാച്ചിനോട് സമനില വഴങ്ങി.

മത്സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടിൽ ടെറ്റെയാണ് ഷക്തറിന്റെ ആദ്യ ഗോൾ നേടിയത്. 33-ആം മിനുട്ടിൽ വരാനെ സെൽഫ് ഗോൾ കൂടെ വഴങ്ങിയതോടെ ഷക്തറിന്റെ ലീഡ് രണ്ടായി. 42-ആം മിനുട്ടിൽ മാനോർ സോളോമോൻ കൂടി റയൽ മാഡ്രിഡിന്റെ വലചലിപ്പിച്ചതോടെ ആദ്യ പകുതിയിൽ തന്നെ റയൽ നാണംകെട്ടിരുന്നു. എന്നാൽ 54-ആം മിനുട്ടിൽ ബോക്സിന് വെളിയിൽ നിന്നും മോഡ്രിച് തൊടുത്ത ഷോട്ട് വലയിൽ കയറുകയായിരുന്നു. 59-ആം മിനിറ്റിൽ പകരക്കാരനായി വന്ന ഉടനെ തന്നെ വിനീഷ്യസ് ജൂനിയർ ഗോൾ നേടി കൊണ്ട് റയലിന് പ്രതീക്ഷകൾ ജനിപ്പിച്ചു. എന്നാൽ പിന്നീട് ഗോളുകൾ നേടാൻ റയലിന് കഴിയാതെ പോവുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ അവസാനസ്ഥാനത്താണ് റയൽ. ഷക്തർ തന്നെയാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *