ബയേണിന്റെ പേടിസ്വപ്നമാണ് നവാസ്, കണക്കുകൾ ഇങ്ങനെ !

ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് ഏറെ പ്രതീക്ഷ നൽകുന്നത് സൂപ്പർ ഗോൾകീപ്പർ കെയ്‌ലർ നവാസിന്റെ തിരിച്ചുവരവാണ്. കഴിഞ്ഞ സെമി ഫൈനലിൽ ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലം പുറത്തിരുന്ന താരം പൂർണ്ണസജ്ജനായി ഫൈനൽ കളിക്കുമെന്ന് ലെപാരീസിയൻ അറിയിച്ചിരുന്നു. അപൂർവമായ ഒരു നേട്ടം കൂടി കെയ്‌ലർ നവാസിനെ കാത്തിരിക്കുന്നുണ്ട്. നാളെ പിഎസ്ജിക്കൊപ്പം കിരീടം നേടാനായാൽ ചരിത്രതാളുകളിൽ ആണ് നവാസിന്റെ നാമം ഇടംനേടുക. ഇതുവരെ റയൽ മാഡ്രിഡിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ നവാസിന് സാധിച്ചിട്ടുണ്ട്. നാലാമത്തേതിന്റെ പടിവാതിൽക്കൽ ആണ് നവാസ്. നാലാം കിരീടം നേടാനായാൽ നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യഗോൾ കീപ്പറായി മാറാൻ ഈ താരത്തിന് സാധിക്കും. അതിന് ബയേണിനെ മറികടക്കണം. ബയേണിനെ നേരിടുമ്പോൾ പിഎസ്ജിക്ക് ആശ്വസിക്കാവുന്ന കണക്കുകൾ ആണ് നവാസിന്റെ ഭാഗത്തുള്ളത്. 2017-ലും 2018-ലും നവാസ് ബയേണിനെ നേരിട്ടിട്ടുണ്ട്.

2016/2017 ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയലിൽ ആയിരുന്ന സമയത്ത് ആണ് നവാസ് ബയേണുമായി മാറ്റുരക്കുന്നത്. ഇരുപാദങ്ങളിലുമായി റയൽ അന്ന് വിജയിച്ചത് 6-3 ആണ്. മൂന്ന് ഗോൾ നവാസ് വഴങ്ങി എങ്കിലും ഒരെണ്ണം മാത്രമാണ് ഓപ്പൺ ഗോൾ വഴങ്ങിയത്. ഒരെണ്ണം ലെവന്റോസ്ക്കിയുടെ പെനാൽറ്റി ഗോളും ഒരെണ്ണം റാമോസിന്റെ സെൽഫ് ഗോളുമായിരുന്നു. ഇരുപാദങ്ങളിലുമായി 33 ഷോട്ടുകൾ ആയിരുന്നു ബയേൺ തൊടുത്തത്. ഇതിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് വന്നു. അടുത്ത വർഷം വീണ്ടും ബയേണും നവാസും ഏറ്റുമുട്ടി. ചാമ്പ്യൻസ് ലീഗ് സെമിയിൽ ആയിരുന്നു അത്‌. ഇത്തവണയായിരുന്നു നവാസ് ബയേണിന് ഏറെ തലവേദന സൃഷ്ടിച്ചത്. ആദ്യപാദത്തിൽ 2-1 ന് റയൽ വിജയിച്ചു. ആ മത്സരത്തിൽ നാലു സേവുകൾ ആണ് നവാസ് നടത്തിയത്. രണ്ടാം പാദ മത്സരമായിരുന്നു ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇടംപിടിച്ചത്. എട്ട് സേവുകൾ ആണ് ആ മത്സരത്തിൽ നവാസ് നടത്തിയത്. ചാമ്പ്യൻസ് ലീഗ് നോക്കോട്ട് സ്റ്റേജിലെ റെക്കോർഡ് ആയിരുന്നു അത്‌. ഇതിൽ ഏഴെണ്ണം ബോക്സിനകത്ത് നിന്ന് വന്ന നീക്കങ്ങൾ ആയിരുന്നു. അന്ന് 2-2 സമനില പിടിച്ച റയൽ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഒരിക്കൽ കൂടി മറ്റൊരു ജേഴ്സിയിൽ നവാസ് ബയേണിനെ നേരിടേണ്ടി വന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!