മെസ്സിയെ പെപ് ഭയക്കണോ? കണക്കുകൾ ഇങ്ങനെ!

ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. രണ്ട് വമ്പൻ ശക്തികളായ പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖം വരുന്നു.ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഏതായാലും ഈ മത്സരത്തിൽ ആരാധകർ ആവേശത്തോടെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന കാര്യം മെസ്സിയും പെപും തമ്മിൽ നേർക്കുനേർ വരുന്നു എന്നുള്ളതാണ്.പരിശീലനം ആരംഭിച്ച മെസ്സി സിറ്റിക്കെതിരെ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ പിഎസ്ജിക്കായി മൂന്ന് മത്സരങ്ങൾ കളിച്ച മെസ്സിക്ക് ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമാവുകയും ചെയ്തു. അത്കൊണ്ട് തന്നെ സിറ്റിക്കെതിരെ തിളങ്ങൽ മെസ്സിക്ക് അത്യാവശ്യമായ കാര്യമാണ്.

എന്നാൽ മറുഭാഗത്തുള്ളത് മെസ്സിയുടെ പ്രിയപ്പെട്ട ഗുരുവാണ്. മെസ്സി ഒരു സൂപ്പർ സ്റ്റാറായി വളർന്നത് പെപ് ബാഴ്‌സയെ പരിശീലിപ്പിച്ച സമയത്താണ്. അതേ പെപിന്റെ ടീമിനെയാണ് മെസ്സി ഒരിക്കൽ കൂടി നേരിടാൻ ഒരുങ്ങുന്നത്. മെസ്സി എന്ന വ്യക്തിയെ നന്നായി അറിയുന്ന ഒരു പരിശീലകനാണ് പെപ്. പക്ഷേ മെസ്സിയെ പെപ് ഗ്വാർഡിയോള ഭയക്കണം എന്ന് തന്നെയാണ് മുൻകാല കണക്കുകൾ ചൂണ്ടികാണിക്കുന്നത്.

പെപ് ബാഴ്‌സ വിട്ട ശേഷം മെസ്സി ആദ്യമായി പെപിനെ നേരിട്ടത് 2015 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആണ്.പെപ് പരിശീലിപ്പിച്ച ബയേണിനെ ഇരുപാദങ്ങളിലുമായി 5-3 എന്ന സ്കോറിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇതിൽ രണ്ട് ഗോളുകൾ മെസ്സിയുടെ വകയായിരുന്നു.

2016-ൽ വീണ്ടും മെസ്സിയെ പെപ് നേരിട്ടു. അന്ന് സിറ്റിയുടെ പരിശീലകനാണ് പെപ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സ സിറ്റിയെ പരാജയപ്പെടുത്തിയത്. ആ മത്സരത്തിൽ മെസ്സി ഹാട്രിക് നേടി.എന്നാൽ രണ്ടാം പാദത്തിൽ സിറ്റി 3-1 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.

ഏതായാലും മെസ്സിയുടെ ബൂട്ടിൽ നിന്നും അഞ്ച് ഗോളുകൾ പെപിന്റെ ടീമുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത്കൊണ്ട് തന്നെ മെസ്സിയെ പെപ് സൂക്ഷിക്കേണ്ടതുണ്ട്. ഇനി പിഎസ്ജി ജേഴ്സിയിൽ മെസ്സി പെപിനെതിരെ ഗോൾ നേടുമോ എന്നുള്ളതാണ് ആരാധകർക്ക്‌ അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *