മെസ്സിയും നെയ്മറും വെറും ധനമോഹികൾ മാത്രം : ആഞ്ഞടിച്ച് മുൻ പിഎസ്ജി താരം
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കി ഒരിക്കൽക്കൂടി പിഎസ്ജി പുറത്തായിരുന്നു. റയൽ മാഡ്രിഡാണ് പിഎസ്ജിയെ പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. വൻ താര നിര ഉണ്ടായിട്ടുപോലും പിഎസ്ജി റയലിന് മുന്നിൽ തകർന്നടിയുകയായിരുന്നു.
ഇതോടുകൂടി സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയുമൊക്കെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ മുമ്പിലുള്ളത്.മുൻ പിഎസ്ജി താരമായ ജെറോം റോതനും ഇരുവർക്കുമെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. മെസ്സിയും നെയ്മറും വെറും ധനമോഹികൾ മാത്രമാണ് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. തോൽവിയുടെ ഉത്തരവാദികൾ ഈ രണ്ട് താരങ്ങളാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം RMC സ്പോർട്ടിന്റെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു റോതൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: Jérôme Rothen Labels Lionel Messi, Neymar Jr. ‘Mercenaries’ After PSG’s Loss to Real Madrid https://t.co/eQzUqGCvVH
— PSG Talk (@PSGTalk) March 10, 2022
” എന്നെ സംബന്ധിച്ചിടത്തോളം ഈ പരാജയത്തിന്റെ ഉത്തരവാദികൾ നെയ്മർ ജൂനിയറും ലയണൽ മെസ്സിയുമാണ്. അവരാണ് ഉത്തരവാദിത്തങ്ങൾ ഈ ഏറ്റെടുക്കേണ്ടത്. ലിയനാർഡോ അവരെ തിരഞ്ഞെടുക്കുകയും അവർക്ക് ഇടം നൽകുകയും ചെയ്തത് ക്ലബ്ബിനു വേണ്ടിയാണ്. ക്ലബ്ബിന്റെ ഇതിഹാസങ്ങളാണ് ഇവർ.ഇവർക്ക് അതിന്റെതായ പദവി ഇവിടെയുണ്ട്. കൂടാതെ ഇവർക്ക് പണം നൽകുന്നുമുണ്ട്.പിന്നെ നിങ്ങൾ വേറെ ആരെയാണ് കുറ്റപ്പെടുത്തുക? ഞാനൊരിക്കലുംവെറാറ്റിയെയോ ഡാനിലോയെയോ പരേഡസിനെയോ എംബാപ്പെയെയോ കുറ്റപ്പെടുത്തില്ല. മറിച്ച് ധനമോഹികളായ നെയ്മറെയും മെസ്സിയെയുമാണ് ഞാൻ കുറ്റപ്പെടുത്തുക” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.
2004 മുതൽ 2010 വരെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ജെറോം റോതൻ.നിലവിൽ ഫ്രഞ്ച് മാധ്യമമായ RMC സ്പോട്ടിൽ ഫുട്ബോൾ പണ്ഡിറ്റായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം.