ഭൂമി പരന്നതാണെന്നും സൂപ്പർ ലീഗ് നിലനിൽക്കുന്നുണ്ടെന്നും വിശ്വസിക്കുന്നത് ഒരുപോലെ : സെഫറിൻ

ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബുകൾ ചേർന്ന് കൊണ്ട് രൂപം നൽകിയ ഒരു പ്രൊജക്റ്റായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ്.എന്നാൽ ഇത് ഫുട്ബോൾ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു.ഇതോടെ ഭൂരിഭാഗം ക്ലബ്ബുകളും ഇതിൽ നിന്ന് പിന്മാറി.നിലവിൽ റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ,യുവന്റസ് എന്നിവർ മാത്രമാണ് ഇതിൽ അവശേഷിക്കുന്നത്. ഇതുമായി മുന്നോട്ടുപോകാൻ തന്നെയാണ് അവരുടെ തീരുമാനം.

എന്നാൽ ഇതിനെതിരെ പരിഹാസവുമായി യുവേഫ പ്രസിഡന്റായ അലക്സാണ്ടർ സെഫറിൻ രംഗത്തുവന്നിട്ടുണ്ട്.അതായത് ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നതും യൂറോപ്യൻ സൂപ്പർ ലീഗ് നിലനിൽക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നതും ഒരുപോലെയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെഫറിൻ. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്ക് ആ മൂന്ന് ക്ലബ്ബുകളുമായി പ്രശ്നമൊന്നുമില്ല.ഒരുപാട് പാരമ്പര്യമുള്ള ക്ലബുകളാണ് അവർ.തീർച്ചയായും അവർ ബഹുമാനം അർഹിക്കുന്നുണ്ട്.അവർ ഒരു യോഗം നടത്താനായി അപേക്ഷിച്ചാൽ ഞാൻ അതിന് തയ്യാറാണ്.യുവേഫയെയും എന്നെയും പ്രഹരിച്ചത് അവരാണ്. അതുകൊണ്ടുതന്നെ അവരാണ് വിളിക്കേണ്ടത്.ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നതും യൂറോപ്യൻ സൂപ്പർ ലീഗ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതും ഒരുപോലെയാണ്.അതേസമയം ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആദ്യം സൈനപ്പ് ചെയ്തത് അവരാണ്. അതാണ് വിചിത്രം.അവരിപ്പോഴും എല്ലായിടത്തും സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നു.ഫുട്ബോൾ എന്നാൽ പണമാണ് എന്ന് ചിന്തിക്കുന്ന ചുരുക്കം ചിലർക്കല്ലാതെ സൂപ്പർ ലീഗ് ആവശ്യമില്ല ” സെഫറിൻ പറഞ്ഞു.

12 ക്ലാബുകളായിരുന്നു തുടക്കത്തിൽ ഈ പ്രൊജക്ടിൽ ഉണ്ടായിരുന്നത്.എന്നാൽ പിന്നീട് എസി മിലാൻ,ഇന്റർമിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സണൽ, ടോട്ടൻഹാം,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ ഇതിൽ നിന്നും പിന്തിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *