മെസ്സി അർജന്റൈൻ ടീമിൽ തിരിച്ചെത്തിയേക്കും!

ഈയിടെ അവസാനിച്ച രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.കോവിഡ് ബാധിതനായിരുന്ന മെസ്സിക്ക് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി വിശ്രമം അനുവദിക്കുകയായിരുന്നു.തുടർന്ന് മെസ്സി തന്റെ ക്ലബായ പിഎസ്ജിയിൽ തന്നെ തുടരുകയും മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു.

എന്നാൽ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിൽ മെസ്സി തിരിച്ചെത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ഗാസ്റ്റൻ എഡുളിനെ ഉദ്ധരിച്ചുകൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാർച്ചിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുക.ഇക്വഡോറും വെനീസ്വേലയുമാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങളിൽ മെസ്സിയെ നമുക്ക് അർജന്റീന ജേഴ്സിയിൽ കാണാനാവും.

മെസ്സിയുടെ അഭാവത്തിലും കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീന ചിലിയെ പരാജയപ്പെടുത്തിയത്. പിന്നീട് നടന്ന മത്സരത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന തോൽപ്പിക്കുകയും ചെയ്തു.നേരത്തെ തന്നെ അർജന്റീന വേൾഡ് കപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള അർജന്റീന നിലവിൽ രണ്ടാം സ്ഥാനത്താണ്.

അതേസമയം പിഎസ്ജിക്ക് വേണ്ടിയുള്ള കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി സ്വന്തമാക്കിയത്.എന്നാൽ റയലിനെതിരെയുള്ള മത്സരമാണ് മെസ്സിയെ സംബന്ധിച്ചെടുത്തോളം കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!