പ്രമുഖ ക്ലബുകൾ പിന്മാറി, യൂറോപ്യൻ സൂപ്പർ ലീഗ് സസ്‌പെൻഡ് ചെയ്തു!

കഴിഞ്ഞ രണ്ട് ദിവസമായി ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച യൂറോപ്യൻ സൂപ്പർ ലീഗ് സസ്പെൻന്റ് ചെയ്തു. യൂറോപ്യൻ സൂപ്പർ ലീഗ് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പൂർണ്ണമായും സൂപ്പർ ലീഗ് ഒഴിവാക്കിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. പകരം ഒന്ന് പുനർനിർമിക്കാൻ വേണ്ടിയാണ് സസ്പെന്റ് ചെയ്യുന്നത് എന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. സൂപ്പർ ലീഗിന്റെ ഫൗണ്ടിങ് അംഗങ്ങളായ ആറ് ഇംഗ്ലീഷ് ക്ലബുകൾ തങ്ങൾ ഇതിൽ നിന്ന് പിന്മാറുകയാണ് എന്നറിയിച്ചതോടെയാണ് ഇവർ താൽകാലികമായി സസ്പെന്റ് ചെയ്യാൻ തീരുമാനമെടുത്തത്. മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ആഴ്സണൽ, ടോട്ടൻഹാം എന്നിവരാണ് ഇതിൽ നിന്നും പിന്മാറിയത്.

മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരാണ് ഇതിൽ നിന്നും പിന്മാറുന്ന പ്രക്രിയക്ക് തുടക്കമിട്ടത്. പിന്നാലെ ബാക്കി നാല് ക്ലബുകളും ഇതിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതോടെ ഇനി 6 ക്ലബുകൾ മാത്രമാണ് സൂപ്പർ ലീഗിൽ അവശേഷിക്കുന്നത്. റയൽ, ബാഴ്സ, അത്ലറ്റിക്കോ, ഇന്റർമിലാൻ, എസി മിലാൻ, യുവന്റസ് എന്നിവരാണ് ഉള്ളത്. ഇവരിൽ പലരും പിന്മാറിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ആരാധകർക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് ഈ ക്ലബുകൾ സൂപ്പർ ലീഗിൽ നിന്നും പിന്മാറാൻ തീരുമാനം എടുത്തത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ സൂപ്പർ ലീഗിൽ നിന്നും ആർക്കും പിന്മാറാൻ കഴിയില്ലെന്ന് ചെയർമാൻ പെരെസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *