ആദ്യമെത്തുന്ന താരം മെസ്സി, എംബപ്പേയുടെ ഭാവി ഈ സീസണിനെ ആശ്രയിച്ച് : ഹെരേര!

ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച ഒരു റിസൾട്ട്‌ ഉണ്ടാക്കാൻ പിഎസ്ജിക്ക്‌ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ക്ലബ്‌ ബ്രൂഗെയാണ് പിഎസ്ജിയെ സമനിലയിൽ കുരുക്കിയത്. മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ നേടിയത് ആൻഡർ ഹെരേരയായിരുന്നു. എംബപ്പേയുടെ അസിസ്റ്റിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്.

ഏതായാലും മെസ്സി, നെയ്മർ, എംബപ്പേ ത്രയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ ഹെരേര രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരോടൊപ്പം കളിക്കുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും പരിശീലനത്തിലും ജിമ്മിലും ആദ്യമെത്തി കൊണ്ട് എല്ലാവർക്കും മാതൃകയാവുന്ന ഒരു താരമാണ് മെസ്സി എന്നുമാണ് ഹെരേര ഇപ്പോൾ അറിയിച്ചിട്ടുള്ളത്. കൂടാതെ എംബപ്പേയുടെ ഭാവി ഈ സീസണിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും താരം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം എൽ ലാർഗെറോ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പരിശീലനത്തിൽ ഞങ്ങൾക്ക്‌ നൽകാതെ അവർ തമ്മിലാണ് പാസ് ചെയ്തു കളിക്കുന്നതെങ്കിൽ പോലും, മെസ്സി-നെയ്മർ-എംബപ്പേ എന്നിവരെ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്.അവരോടൊപ്പം കളിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.എല്ലാവർക്കും മാതൃകയാവുന്ന ഒരു ലീഡർമാർ എല്ലായിടത്തുമുണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് മെസ്സി. എന്തെന്നാൽ ജിമ്മിലും പരിശീലനത്തിലും ആദ്യമെത്തുന്ന താരം മെസ്സിയാണ്.മെസ്സി വരുന്നതിന്റെ സാധ്യതകളെ കുറിച്ച് ഞങ്ങൾ രണ്ടോ മൂന്നോ മാസങ്ങൾ സംസാരിച്ചിരുന്നു.പക്ഷേ അദ്ദേഹം മറ്റൊരു ജേഴ്സി അണിയുന്നത് വരെ ഞാൻ അക്കാര്യം വിശ്വസിച്ചിരുന്നില്ല. സെർജിയോ റാമോസിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു.ഈ സീസണിനെ ആശ്രയിച്ചായിരിക്കും ഒരുപക്ഷെ എംബപ്പേ പിഎസ്ജിയിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക.തീർച്ചയായും ഗോളുകൾ നേടാൻ കഴിഞ്ഞാൽ അദ്ദേഹം സന്തോഷവാനാവും. അദ്ദേഹത്തെ പിഎസ്ജിയിൽ നിലനിർത്താൻ വേണ്ടി ഞങ്ങൾ ശ്രമിക്കും ” ഇതാണ് ഹെരേര പറഞ്ഞിട്ടുള്ളത്.

വരുന്ന ഞായറാഴ്ച്ച രാത്രി പിഎസ്ജി ലീഗ് വണ്ണിൽ ലിയോണിനെ നേരിടുന്നത്. ഈ മത്സരത്തിൽ മെസ്സി നെയ്മറും കളിച്ചേക്കും. അതേസമയം പരിക്കേറ്റ എംബപ്പേ കളിക്കാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *