സംശയം വേണ്ട, മെസ്സിയുടെ പ്രകടനം മെച്ചപ്പെടും: കൂമാൻ !

ഈ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ സീസണിൽ കളിച്ച നാല് ലീഗ് മത്സരങ്ങളിൽ നിന്നായി കേവലം ഒരു ഗോൾ മാത്രമാണ് മെസ്സിക്ക് നേടാനായത്. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ മെസ്സിയുൾപ്പെടുന്ന ബാഴ്സ ഗെറ്റാഫെയോട് ഒരു ഗോളിന് തോൽവി വഴങ്ങുകയും ചെയ്തിരുന്നു.സ്പെയിനിൽ മത്സരം പുനരാരംഭിച്ച ശേഷം മെസ്സി താളം കണ്ടെത്താൻ നന്നായി പാടുപെടുന്നുണ്ട്. അതിന് ശേഷം കളിച്ച പത്തൊൻപത് മത്സരങ്ങളിൽ നിന്ന് കേവലം ഏഴ് ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞത്. മാത്രമല്ല ഇതിൽ നാലെണ്ണം പെനാൽറ്റി കൂടിയായിരുന്നു. എന്നാൽ മെസ്സിയുടെ നിലവിലെ പ്രകടനത്തിൽ തനിക്ക് പരാതിയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മെസ്സിയുടെ പ്രകടനം മെച്ചപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നാണ് കൂമാൻ തറപ്പിച്ചു പറഞ്ഞത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ പോരാട്ടത്തിനൊരുങ്ങും മുമ്പാണ് കൂമാൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഫെറെൻക്വെറോസിനെയാണ് ബാഴ്സ നേരിടുന്നത്. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം നടക്കുക.

” നിലവിലെ പ്രകടനത്തിൽ നിന്നും മെസ്സിയുടെ പ്രകടനം ഇനിയും മെച്ചപ്പെടും.പക്ഷെ അദ്ദേഹം സന്തോഷവാനാണ്. മെസ്സി കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഈ ടീമിന്റെ ക്യാപ്റ്റനായി തുടരാൻ തന്നെയാണ് ആഗ്രഹവും. എനിക്ക് നിലവിൽ ഒരു പരാതിയുമില്ല. അദ്ദേഹത്തെ നിർഭാഗ്യം വേട്ടയാടുന്നുണ്ട് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഷോട്ടുകൾ കഴിഞ്ഞ തവണ പോസ്റ്റിലിടിച്ചാണ് മടങ്ങിയത്. അടുത്ത തവണ അത്‌ ഗോളായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഒരു സംശയവുമില്ല. തീർച്ചയായും അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് വരാൻ പോവുന്നത്. അതിന് നമ്മൾ സാക്ഷിയാവുകയും ചെയ്യും. അതിലൊരു സംശയവുമില്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *