വിനീഷ്യസിന് പാസ് നൽകരുത്,വിവാദമായി ബെൻസിമ മെന്റിക്ക് നൽകിയ ഉപദേശം, വീഡിയോ !

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മോൺഷെൻഗ്ലാഡ്ബാഷിനെതിരെ 2-2 ന്റെ സമനില വഴങ്ങാനായിരുന്നു റയൽ മാഡ്രിഡിന്റെ യോഗം. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം അവസാനം രണ്ട് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ്‌ സമനില പിടിച്ചെടുത്തത്. മത്സരത്തിൽ ബെൻസിമ, കാസമിറോ എന്നിവർ നേടിയ ഗോളാണ് റയലിന്റെ രക്ഷക്കെത്തിയത്. എന്നാൽ ഇടവേള സമയത്തുള്ള സൂപ്പർ താരം ബെൻസിമയുടെ വാക്കുകളാണിപ്പോൾ വിവാദമായിരിക്കുന്നത്. മത്സരത്തിന്റെ ഇടവേള സമയത്ത്, കളത്തിലേക്കിറങ്ങും മുമ്പാണ് ബെൻസിമ സഹതാരമായ ഫെർലാന്റ് മെന്റിക്ക് ചില ഉപദേശങ്ങൾ നൽകിയത്. തങ്ങളുടെ സഹതാരമായ വിനീഷ്യസിന് പാസ് നൽകരുതെന്നും അദ്ദേഹം റയലിനെതിരെയുമാണ് കളിക്കുന്നത് എന്നുമാണ് ബെൻസിമയുടെ പരാമർശം.

രണ്ടാം പകുതിക്ക് ഒരുങ്ങുന്ന സമയത്ത് ടണലിൽ വെച്ചാണ് ബെൻസിമ ഇക്കാര്യങ്ങൾ മെന്റിയോട് പറഞ്ഞത്. ഇത് വീഡിയോ കാമറകൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ടെലിഫൂട്ട് ഈ വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. തുടർന്ന് മാർക്ക, ഗോൾ ഡോട്ട് കോം തുടങ്ങിയ ഒട്ടുമിക്ക പ്രമുഖമാധ്യമങ്ങളും ഇത് റിപ്പോർട്ട്‌ ചെയ്തതോടെയാണ് ഈ ഫുട്ബോൾ ലോകം അറിഞ്ഞത്. ” അദ്ദേഹം മോശമായാണ് കളിക്കുന്നത്. അദ്ദേഹത്തിന് പാസ് നൽകരുത്. അദ്ദേഹം നമ്മൾക്കെതിരെയാണ് കളിക്കുന്നത് ” ഇതാണ് ബെൻസിമ മെന്റിയോട് പറഞ്ഞിട്ടുള്ളത്. പക്ഷെ വിനീഷ്യസിന്റെ പേരെടുത്തു കൊണ്ട് ബെൻസിമ പറഞ്ഞിട്ടില്ല. പക്ഷെ വിനീഷ്യസിനെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ബൊറൂസിയക്കെതിരെ വിനീഷ്യസിന്റെ പ്രകടനം മോശമായിരുന്നു. താരത്തിന്റെ അലക്ഷ്യമായ പ്രകടനത്തിനെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ ബെൻസിമയെ പോലെയൊരു താരം തന്റെ സഹതാരത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത് വളരെ മോശം കാര്യമാണ് എന്നാണ് പലരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *