ലുക്കാക്കു വില്ലനായി, യൂറോപ്പ ലീഗ് കിരീടം ചൂടി സെവിയ്യ !
ഇന്റർമിലാൻ സൂപ്പർ താരം റൊമേലു ലുക്കാക്കു സെൽഫ് ഗോൾ വഴങ്ങി വില്ലനായപ്പോൾ ഇന്റർമിലാന് യൂറോപ്പ ലീഗ് കിരീടം നഷ്ടമായി. ഇന്നലെ നടന്ന ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്ററിനെ തറപറ്റിച്ചു കൊണ്ടാണ് സെവിയ്യ ജേതാക്കളായത്. ഇത് ആറാം തവണയാണ് സെവിയ്യ യൂറോപ്പ ലീഗ് കിരീടം നേടുന്നത്. 2-1 ന് പിന്നിട്ട് നിന്ന ശേഷം ഇന്റർ തിരിച്ചടിച്ചുവെങ്കിലും മൂന്നാം ഗോൾ കണ്ടെത്താൻ കോന്റെയുടെ സംഘത്തിന് കഴിയാതെ പോയത് തിരിച്ചടിയാവുകയായിരുന്നു. തുടക്കത്തിൽ സെവിയ്യ താരം ഡിയഗോ കാർലോസ് വില്ലനായി എന്ന് തോന്നിച്ചുവെങ്കിലും മൂന്നാം ഗോൾ താരത്തിന്റെ ഇടപെടലിലൂടെ ലഭിച്ചതിലൂടെ താരം ഹീറോയായി മാറുകയായിരുന്നു. കിരീടനേട്ടത്തോടെ ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് നേടിയ ക്ലബ് എന്ന റെക്കോർഡ് സെവിയ്യ ഭദ്രമാക്കി.
Last game for Sevilla…
— UEFA Europa League (@EuropaLeague) August 21, 2020
Finish as a champion 🏆
🇦🇷 Éver Banega 🔝#UELfinal pic.twitter.com/DfAjDoJXj0
മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഡിയഗോ കാർലോസ് പെനാൽറ്റി വഴങ്ങുകയായിരുന്നു. തുടർന്ന് ലുക്കാക്കു പെനാൽറ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ പന്ത്രണ്ടാം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡറിലൂടെ ലുക്ക് ഡിജോംഗ് സെവിയ്യക്ക് സമനില നേടികൊടുത്തു. എന്നാൽ അത് കൊണ്ട് തീർന്നില്ല. മുപ്പത്തിമൂന്നാം മിനുട്ടിലാണ് അതിമനോഹരമായ ഒരു ഹെഡർ ഗോൾകൂടി ലുക്ക് ഡിജോങിന്റെ തലയിൽ നിന്നും പിറന്നത്. എന്നാൽ ആ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. മുപ്പത്തിയാറാം മിനുട്ടിൽ ഒരു ഹെഡർ ഗോളിലൂടെ തന്നെ ഡീഗോ ഗോഡിൻ ഇന്ററിന് സമനില നേടികൊടുത്തു. ആദ്യപകുതിയിൽ തന്നെ മത്സരം 2-2 ആയി കൊണ്ട് ആവേശകരമായിരുന്നു. എന്നാൽ എഴുപത്തിനാലാം മിനുട്ടിൽ ഇന്ററിന്റെ കണക്കുകൂട്ടലുകൾ തെറ്റി. ഡിയഗോ കാർലോസിന്റെ ഒരു ഓവർഹെഡ് കിക്ക് ശ്രമം ലുക്കാക്കുവിന്റെ കാലുകളിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ ഇന്ററിന് കഴിയാതെ വന്നതോടെ കിരീടം കൈവിട്ടു പോയി.
How Diego Carlos scored his FIRST ever European goal 🦶😱#UELfinal pic.twitter.com/60IPvvEBsU
— UEFA Europa League (@EuropaLeague) August 22, 2020