യൂറോപ്പിൽ പുതിയ ലീഗ് പ്രഖ്യാപിച്ച് യുവേഫ, അടുത്ത സീസണിൽ ആരംഭിക്കും !

അടുത്ത സീസൺ മുതൽ യൂറോപ്പിൽ പുതിയ ലീഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുവേഫ. യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് എന്നാണ് പുതിയ ലീഗിന് നാമകരണം ചെയ്തിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവകൾക്ക്‌ താഴെ വരുന്ന ലീഗാണ് യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ്. അടുത്ത സീസണിൽ ഈ ലീഗും ഉണ്ടാവുമെന്ന് യുവേഫ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ടീമുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കും. ഇതുവരെ 48 ടീമുകൾ ആയിരുന്നു യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാലത് അടുത്ത സീസൺ മുതൽ 32 ആയി തന്നെ ചുരുങ്ങും.

മുപ്പത്തിരണ്ടു ടീമുകൾ തന്നെയാണ് കോൺഫറൻസ് ലീഗിലും ഉണ്ടാവുകയെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് ഗ്രൂപ്പുകളിൽ നാലു വീതം ടീമുകൾ കളിക്കും. ആർക്കും നേരിട്ട് കോൺഫറൻസ് യോഗ്യത നേടാൻ സാധിക്കില്ല. മറിച്ച് മൂന്ന് യോഗ്യതറൗണ്ടുകളും ഒരു പ്ലേ ഓഫ്‌ റൗണ്ടും കളിച്ചതിന് ശേഷം മാത്രമേ കോൺഫറൻസ് ലീഗിലേക്ക് യോഗ്യത നേടാൻ സാധിക്കുകയൊള്ളൂ. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാർ എല്ലാവരും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും. എന്നാൽ രണ്ടാം സ്ഥാനക്കാർ യൂറോപ്പ ലീഗിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കേണ്ടി വരും. 2021 ജൂലൈ എട്ടിന് ആണ് ഈ ലീഗ് ആരംഭിക്കുക. 2022 മെയ് 25-നാണ് ഫൈനൽ നടക്കുക. ഫൈനൽ ജേതാക്കൾക്ക്‌ യുവേഫ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *