ബാഴ്സ വധം: ചില കണക്കുകളും റെക്കോർഡുകളും

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ബാഴ്സലോണ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് ബയേൺ മ്യൂണിക്ക് അവർക്ക് സമ്മാനിച്ചിരിക്കുന്നത്. രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ അക്ഷരാർത്ഥത്തിൽ ബാഴ്സയെ നാണം കെടുത്തി വിടുകയായിരുന്നു. ബയേണിൻ്റെ ടീം വർക്കിനും യുവത്വത്തിനും മുന്നിൽ ബാഴ്സയുടെ വയസ്സൻ പാക്ക് പിടിച്ച് നിൽക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം! ഒരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽ 8 ഗോളുകൾ നേടുന്ന ആദ്യ ടീമായി ബയേൺ മാറിയതടക്കം ഇന്നലെ നിരവധി കണക്കുകളാണ് റെക്കോർഡ് പുസ്തകത്തിൽ ചേർക്കപ്പെട്ടത്.

മത്സരത്തിൽ പിറന്ന പ്രധാന റെക്കോർഡുകളും കണക്കുകളും

  • ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിൽ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. (8-2)
  • 1949 ഒക്ടോബറിൽ വലൻസിയയോട് 7-4ന് പരാജയപ്പെട്ട ശേഷം ആദ്യമായാണ് ബാഴ്സ ഒരു മത്സരത്തിൽ ഏഴോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത്!
  • 1951ൽ ഒരു ലീഗ് മാച്ചിൽ എസ്പാന്യോളിനോട് 6-0ന് തോറ്റ ശേഷം ബാഴ്സ ഒരു മത്സരത്തിൽ ആറോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത് ആദ്യമാണ്.
  • ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണ ആദ്യ പകുതിയിൽ 4 ഗോളുകൾ വഴങ്ങുന്നത് ആദ്യമായാണ്.
  • ഈ മത്സരത്തിലെ ബാഴ്സയുടെ സ്റ്റാർട്ടിംഗ് ഇലവനിലെ താരങ്ങളുടെ ശരാശരി പ്രായം 29 വയസ്സും 329 ദിവസവുമായിരുന്നു. ബാഴ്സ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറക്കുന്ന ഏറ്റവും പ്രായം കൂടിയ ടീമാണിത്.
  • ബാഴ്സ താരം ലൂയി സുവാരസ് ഈ മത്സരത്തിൽ ആകെ 24 പാസുകളാണ് നൽകിയത്. അതിൽ ഒമ്പതെണ്ണവും കിക്കോഫിൽ നിന്നായിരുന്നു!
  • ഈ മത്സരത്തിൽ ബയേണിനായി കളത്തിലിറങ്ങിയ തോമസ് മുളളർ 113 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി. ഇതോടെ ചരിത്രത്തിൽ ഏറ്റവും അധികം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ജർമ്മൻ താരമായി അദ്ദേഹം മാറി.
  • തോമസ് മുള്ളർ ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങൾ ബാഴ്സക്കെതിരെ കളിച്ച് 5 ഗോളുകൾ നേടിയിരിക്കുന്നു. അന്ദ്രേ ഷെവ്ചെങ്കോ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെ ഇത്രയും ഗോളുകൾ നേടിയിട്ടുള്ളത്.
  • മുള്ളർ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിൽ 23 ഗോളുകൾ നേടിക്കഴിഞ്ഞു. UCL ചരിത്രത്തിൽ നോക്കൗട്ട് സ്റ്റേജിൽ ഏറ്റവും അധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി അദ്ദേഹം മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോ (67 ഗോളുകൾ), ലയണൽ മെസ്സി (47 ഗോളുകൾ) എന്നിവരാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
  • ഈ മത്സരത്തിൽ ഗോളടിച്ചതോടെ ചാമ്പ്യൻസ് ലീഗിൻ്റെ ചരിത്രത്തിൽ തുടർച്ചയായി 8 മത്സരങ്ങളിൽ ഗോളടിക്കുന്ന അഞ്ചാമത്തെ താരമായി റോബർട്ട് ലെവെൻ്റോസ്കി മാറി. തുടർച്ചയായി 11 UCL മത്സരങ്ങളിൽ ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
  • 2005-06 സീസണിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണ് ഇത്തവണത്തേത്.
  • 2007ന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീമുകൾ ഇല്ലാത്ത UCL സെമി ഫൈനൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *