നെയ്മർ ലോകത്തെ മികച്ച താരങ്ങളിലൊരാൾ, തടയാൻ വഴിയുണ്ടെന്ന് അറ്റലാന്റ പരിശീലകൻ !

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നെയ്മറെന്നും അദ്ദേഹത്തെ നേരിടാൻ തങ്ങളുടെ പക്കലിൽ വഴിയുണ്ടെന്നും അറിയിച്ച് അറ്റലാന്റ പരിശീലകൻ ജിയാൻ പിയറോ ഗാസ്പിറിനി. ഇന്ന് നടന്ന പിഎസ്ജി-അറ്റലാന്റ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പരിശീലകൻ നെയ്മറെ കുറിച്ച് പരാമർശിച്ചത്. നെയ്മറെ പോലെയുള്ള ഒരു കൂട്ടം മികച്ച താരങ്ങളെയാണ് തങ്ങൾ നേരിടേണ്ടതെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അവരെ തടയാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ക്വാർട്ടർ മത്സരങ്ങൾക്ക് രണ്ടാം പാദ മത്സരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ കുറെ കൂടി തങ്ങൾക്ക് അനുകൂലമായിരുന്നേനെ എന്നും അദ്ദേഹം അറിയിച്ചു. തങ്ങൾ ഇതുവരെ നേരിട്ട് പരിചയമില്ലാത്ത ടീമുകൾ ആണ് ചാമ്പ്യൻസ് ലീഗിൽ അധികമെന്നും രണ്ടാം പാദത്തിലാണ് ഒന്ന്കൂടെ നല്ല മത്സരം കളിക്കാൻ തങ്ങൾക്ക് സാധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

” ഞങ്ങൾ ഒരു ജനതയുടെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. അവർ ഞങ്ങൾക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് ഏൽപ്പിച്ചു തന്നിരിക്കുന്നത്. അതൊരിക്കലും ഒരു ഭാരമല്ല. ഞങ്ങളുടെ ചരിത്രം വെച്ച് മത്സരത്തിന് രണ്ടാം പാദം കൂടി ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ കുറേകൂടി അനുകൂലമായേനേ. കാരണം ഇതുവരെ ഒരിക്കൽ പോലും ഞങ്ങൾ നേരിട്ടിട്ടില്ലാത്ത ടീമിനെയും താരങ്ങളെയുമാണ് നേരിടാൻ പോവുന്നത്. മുൻപത്തെ മത്സരങ്ങൾ ശ്രദ്ദിച്ചാൽ ഞങ്ങൾക്ക് രണ്ടാം പാദത്തിലാണ് കൂടുതൽ നല്ല രീതിയിൽ കളിക്കാൻ കഴിയുക എന്ന് കാണാം. ഡൈനാമോ, ഷക്തർ, സിറ്റി എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ അങ്ങനെ ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. പ്രശ്നം എന്തെന്നാൽ ഞങ്ങൾ അദ്ദേഹത്തെ നേരിടുന്നു എന്നാണ്. എനിക്ക് തോന്നുന്നത് അദ്ദേഹം തടയാനുള്ള ഏറ്റവും നല്ല വഴി ഞങ്ങൾ നല്ല രീതിയിൽ കളിക്കുക എന്നതാണ്. കൂടുതൽ ശ്രദ്ധയോടെ ഞങ്ങൾ കളിക്കേണ്ടി വരും. കൂട്ടായ പ്രവർത്തനത്തിലൂടെ അദ്ദേഹത്തെ തടയാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾ തരണം ചെയ്യേണ്ടത് നെയ്‌മർ അടങ്ങുന്ന ഒരു കൂട്ടം താരങ്ങളെയാണ് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *