ചാമ്പ്യൻസ് ലീഗ് പ്ലയെർ ഓഫ് ദി വീക്ക് : നെയ്മർ തന്നെ താരം !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറിയ കഴിഞ്ഞ ആഴ്ച്ചയിലെ മികച്ച താരം നെയ്മർ ജൂനിയർ തന്നെ. അറ്റലാന്റക്കെതിരെ താരം നടത്തിയ മിന്നും പ്രകടനമാണ് താരത്തിനെ ഈ നേട്ടത്തിനർഹനാക്കിയത്. ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പ് കൂടി പരിഗണിച്ചാണ് യുവേഫ ഈ ആഴ്ച്ചയിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്തത്. ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളർ, ആർബി ലീപ്സിഗിന്റെ അപമേക്കാനോ, ലിയോണിന്റെ മൗസ്സേ ഡെംബലെ എന്നിവരുടെ വെല്ലുവിളി മറികടന്നാണ് താരം യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലയെർ ഓഫ് ദി വീക്ക് നേടിയത്.

അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ പതിനാറ് ഡ്രിബിളിംഗുകൾ പൂർത്തിയാക്കിയ താരം റെക്കോർഡിനൊപ്പമെത്തിയിരുന്നു. കൂടാതെ സമനില ഗോളിനുള്ള അസിസ്റ്റ് താരത്തിന്റെ വകയുമായിരുന്നു. നാല് ചാൻസുകൾ ക്രിയേറ്റ് ചെയ്ത താരം 113 ടച്ചുകൾ ആണ് നടത്തിയത്. ഫിനിഷിങ്ങിലെ പാളിച്ചകൾ മാറ്റിനിർത്തിയാൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു നെയ്മറിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേസമയം ഇരട്ടഗോളുകൾ നേടിയ തോമസ് മുള്ളറായിരുന്നു നെയ്മറോട് മത്സരിച്ച ബയേൺ താരം. പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകൾ നേടിയ മൗസ്സേ ഡെംബലെയും നെയ്മറിന് വെല്ലുവിളി ഉയർത്തിയിരുന്നു. കൂടാതെ അത്ലറ്റികോ മാഡ്രിഡിനെതിരെ ഏറ്റവും കൂടുതൽ കയ്യടി നേടിയ അപമേക്കാനോയും നെയ്മറോട് മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *