ഗോളുമായി മെസ്സിയും പിക്വേയും, മൂന്നിൽ മൂന്നും വിജയിച്ച് ബാഴ്സ കുതിപ്പ് തുടരുന്നു !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സ എതിരാളികളായ ഡൈനാമോ കീവിനെ തകർത്തു വിട്ടത്. എഫ്സി ബാഴ്സലോണക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി, ജെറാർഡ് പിക്വേ എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ ഡൈനാമോ കീവിന്റെ ഗോൾ നേടിയത് വിക്ടറായിരുന്നു. മത്സരത്തിൽ ആധിപത്യം പുലർത്തിയ ബാഴ്സക്ക് കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചുവെങ്കിലും അത് മുതലെടുക്കാനായില്ല. ജയത്തോടെ ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിൽ മൂന്നിലും ബാഴ്സക്ക് വിജയിക്കാനായി. ഒമ്പത് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ് ബാഴ്സ. ആറു പോയിന്റുള്ള യുവന്റസാണ് രണ്ടാമതുള്ളത്.
FULL TIME pic.twitter.com/B3UiAc96Qu
— FC Barcelona (@FCBarcelona) November 4, 2020
ഗ്രീസ്മാൻ, മെസ്സി, പെഡ്രി, ഫാറ്റി എന്നിവരെ മുൻനിർത്തിയാണ് കൂമാൻ ആദ്യ ഇലവനെ പുറത്തു വിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ബാഴ്സ വലകുലുക്കി. സൂപ്പർ താരം ലയണൽ മെസ്സിയെ ബോക്സിനുള്ളിൽ വെച്ച് വീഴ്ത്തിയതിന് ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. തുടർന്ന് പെനാൽറ്റിയെടുത്ത മെസ്സി വിജയകരമായി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ ലീഡ് ഉയർത്താനുള്ള സുവർണാവസരം ബാഴ്സ താരം ഗ്രീസ്മാന് ലഭിച്ചു. എന്നാൽ താരം അത് പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിലാണ് ബാഴ്സയുടെ രണ്ടാം ഗോൾ പിറക്കുന്നത്. അൻസു ഫാറ്റിയുടെ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെ ജെറാർഡ് പിക്വേ വലകുലുക്കുകയായിരുന്നു. 75-ആം മിനുട്ടിൽ ഡൈനാമോ കീവിന് വേണ്ടി വിക്ടർ വലകുലുക്കി. വെർബിച്ചിന്റെ ഷോട്ട് ടെർസ്റ്റീഗൻ തടുത്തുവെങ്കിലും റീബൗണ്ട് ലഭിച്ച പന്ത് വിക്ടർ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിയാതെ വന്നതോടെ മത്സരം 2-1 എന്ന സ്കോറിന് അവസാനിച്ചു.
WHAT A SAVE TO DENY MESSI! 🤯
— Goal (@goal) November 4, 2020
Take a bow, Ruslan Neshcheret 👏#UCL pic.twitter.com/BHEfK3OnYA