ഗോളടിമേളമുണ്ടാവുമെന്ന് ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയർ !
ഫുട്ബോൾ ആരാധകർ എല്ലാം തന്നെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ആ സൂപ്പർ പോരാട്ടത്തിന് ഇനി ഒരു ദിവസം മാത്രമേ ബാക്കിയൊള്ളൂ. നാളെ രാത്രി അതായത് ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് പിഎസ്ജിയും ബയേണും തമ്മിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കൊമ്പ്കോർക്കുന്നത്. അഞ്ച് തവണയാണ് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ളത്. എന്നാൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും പിഎസ്ജിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ കന്നികിരീടത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് പിഎസ്ജി. മറുഭാഗത്തുള്ള ബയേൺ ആവട്ടെ തകർപ്പൻ ഫോമിലുമാണ്. ഏതായാലും ഫൈനൽ ആവേശഭരിതമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയർ. ഒരുപിടി ഗോളുകൾ മത്സരത്തിൽ പിറക്കാൻ സാധ്യതയുണ്ട് എന്നാണ് ന്യൂയറുടെ കണ്ടെത്തലുകൾ. ഇരുടീമുകളും ഗോളുകൾ സ്കോർ ചെയ്യുമെന്നാണ് ന്യൂയറിന്റെ പ്രവചനം.
Video: Manuel Neuer States That There Will Be Plenty of Goals Between Bayern and PSG https://t.co/LUkg4yvva0
— PSG Talk 💬 (@PSGTalk) August 21, 2020
” മികച്ച താരങ്ങൾ ഉള്ള, നല്ല ഒരു അറ്റാക്കിങ് നിര തന്നെയുള്ള ടീമാണ് പാരീസ്. പിഎസ്ജിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയപ്പോഴൊക്കെയും ഒരുപാട് ഗോളുകൾ പിറന്ന ചരിത്രമുണ്ട്.അത് ഇപ്രാവശ്യവും ഉണ്ടാവും. രണ്ട് വലിയ ക്ലബുകളാണ് ഫൈനലിൽ മാറ്റുരക്കുന്നത്. തീർച്ചയായും ഇത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ ഞാൻ ക്ലബും സന്തുഷ്ടരാണ് ” ന്യൂയർ പറഞ്ഞു. മുമ്പ് 2017 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിൽ പിഎസ്ജിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരുപാദങ്ങളിലുമായി 4-3 ആയിരുന്നു സ്കോർ. ആദ്യം നടന്ന മത്സരത്തിൽ പിഎസ്ജി ബയേണിനെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചിരുന്നു. എന്നാൽ ബയേണിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ 3-1 ന് പിഎസ്ജി തോൽക്കുകയായിരുന്നു.