മൂല്യമേറിയ താരങ്ങൾ, എംബാപ്പെയും നെയ്മറും മുൻനിരയിൽ, മെസ്സിയും ക്രിസ്റ്റ്യാനോയും പിറകിൽ

ഫുട്ബോൾ ലോകത്തെ നിലവിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നു. ട്രാൻസ്ഫർ മാർക്കറ്റ് ആണ് ഏറ്റവും മൂല്യമേറിയ അൻപത് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുന്നത് പിഎസ്ജിയുടെ ഫ്രഞ്ച് യുവസ്ട്രൈക്കെർ കെയ്‌ലിൻ എംബാപ്പെയാണ്. 180 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം. മറ്റുള്ള താരങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് എംബാപ്പെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തിന് അർഹനായത് മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് ആണ്. 128 മില്യൺ യുറോയാണ് താരത്തിന്റെ ഇപ്പോഴത്തെ മൂല്യം. മൂല്യമേറിയ മൂന്നാമത്തെ താരം പിഎസ്ജിയുടെ തന്നെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറാണ്. 128 മില്യൺ യുറോ തന്നെയാണ് താരത്തിന്റെയും മൂല്യം. അതേ സമയം സൂപ്പർ താരം ലയണൽ മെസ്സി ഒൻപതാമത് എത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യനാൽപ്പതിൽ പോലും ഇടംനേടാനായിട്ടില്ല.

നാലാം സ്ഥാനം നേടിയിരിക്കുന്നത് ടോട്ടൻഹാം താരം ഹാരി കെയ്ൻ ആണ്. 120 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം. അഞ്ചാം സ്ഥാനത്ത് ഉള്ളത് ലിവർപൂൾ താരം സലാഹ് ആണ്. ആറാമത് ലിവർപൂളിന്റെ തന്നെ സാഡിയോ മാനെയാണ്. ഇരുവരുടെയും മൂല്യം 120 മില്യൺ യുറോ തന്നെ. ഏഴാമത് മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിനാണ്. 120 മില്യൺ തന്നെയാണ് താരത്തിന്റെയും മൂല്യം. എട്ടാമത് ബൊറൂസിയയുടെ യുവസൂപ്പർ താരം സാഞ്ചോയാണ്. 117 മില്യൺ ആണ് താരത്തിന്റെ വില. ഒൻപതാം സ്ഥാനത്തുള്ള മെസ്സിയുടെ മൂല്യം 112 മില്യൺ ആണ്. പത്താം സ്ഥാനത്ത് ലിവർപൂൾ താരം അർണോൾഡ് ആണ്. 99 മില്യൺ ആണ് താരത്തിന്റെ മൂല്യം. ഗ്രീസ്‌മാൻ പതിനൊന്നാം സ്ഥാനത്തും ഹസാർഡ് ഇരുപതാം സ്ഥാനത്തും ഹാലണ്ട് 21-ആം സ്ഥാനത്തും ലൗറ്ററോ 33-ആം സ്ഥാനത്തും ക്രിസ്റ്റ്യാനോ 46-ആം സ്ഥാനത്തുമാണ്. അറുപതു മില്യൺ യുറോയാണ് ക്രിസ്റ്റ്യാനോയുടെ മൂല്യം. പ്രായാധിക്യമാണ് താരത്തിന്റെ മൂല്യമിടിയാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *